ഇവി വാഹനങ്ങൾക്ക് ശബ്​ദം വേണം; അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താൻ നിർദേശം

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ഒക്ടോബർ ഒന്നു മുതൽ ഈ നിർദേശം നടപ്പിലാക്കാൻ ആണ് നിർദേശം. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഇത് സംബന്ധിച്ച് ഭേ​ദ​ഗതി വരുത്താൻ കരട് വിജ്ഞാപനം ഇറക്കി. അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു മാറ്റത്തിന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

നിലവിലുള്ള വാഹനങ്ങൾക്കും ഇത് നിർബന്ധമാക്കിയിട്ടുണ്ട്. ചില കമ്പനികളുടെ മോഡലുകളിൽ എവിഎഎസ് അഥവാ അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദമില്ലാത്തത് കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, കാഴ്ച വൈകല്യമുള്ളവർ എന്നിവർക്ക് ഇത് സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

വാഹന വേഗതയ്ക്കനുസരിച്ച് മാറുന്ന ഒരു കുറഞ്ഞ ഫ്രീക്വൻസി കൃത്രിമ ശബ്ദം സൃഷ്ടിക്കുകയാണ് എവിഎഎസ് ചെയ്യുന്നത്. ഇ20 കിലോമീറ്ററിൽ താഴെയുള്ള വേഗതയിൽ സിസ്റ്റം പ്രവർത്തിക്കും. യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള M കാറ്റഗറി വാഹനങ്ങൾക്കും സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള N കാറ്റഗറി വാഹനങ്ങൾക്കും ഈ നിയമം ബാധകമാകുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇതിനർത്ഥം ഇലക്ട്രിക് കാറുകൾ, ബസുകൾ, വാനുകൾ, ട്രക്കുകൾ എന്നിവയെല്ലാം ഇത് പാലിക്കേണ്ടതുണ്ട് എന്നാണ്.

ഇന്ത്യയിൽ, Tata Curvv EV, Hyundai Creta Electric, Mahindra XEV 9e, Mahindra BE 6 തുടങ്ങിയ ചില മോഡലുകൾ ഇതിനകം തന്നെ ഈ സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്. AVAS നിയമത്തിനൊപ്പം, കാറുകൾ, ക്വാഡ്രിസൈക്കിളുകൾ, ചില ത്രീ വീലറുകൾ എന്നിവയുൾപ്പെടെ ട്യൂബ്‌ലെസ് ടയറുകൾ ഘടിപ്പിച്ച വാഹനങ്ങളിൽ നിർമ്മാതാക്കൾ നിർബന്ധിത സ്പെയർ ടയറുകൾ നൽകണമെന്ന നിബന്ധനയും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.