Headlines

പാക് അധീന കശ്മീരിൽ പ്രതിഷേധം; രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

പാക് അധീന കശ്മീരിൽ സംഘർഷം.രണ്ട് പേർ മരിച്ചു. 22 പേർക്ക് പരുക്കേറ്റു.മുസഫറാബാദിൽ പാകിസ്താൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ വെടിവെപ്പുണ്ടായി. പാക് സൈന്യവും, ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോൺഫറൻസ് പ്രവർത്തകരുമാണ് വെടിവച്ചത്.

മൗലികാവകാശ നിഷേധത്തിനെതിരെ അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേഖലയിൽ പ്രതിഷേധങ്ങൾ അരങ്ങേറിയത്. 70 വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങളുടെ സമരമെന്ന് എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഭരണകൂടത്തിന് മിർ മുന്നറിയിപ്പും നൽകി. പണിമുടക്കിനെ ‘പ്ലാൻ എ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജനങ്ങളുടെ ക്ഷമ നശിച്ചുവെന്നും അധികാരികൾ ഇപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ‘പ്ലാൻ ബി’ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാർക്കറ്റുകൾ, കടകൾ, പ്രാദേശിക ബിസിനസുകൾ എന്നിവ പൂർണ്ണമായും അടച്ചിടുകയും ഗതാഗത സേവനങ്ങൾ നിർത്തലാക്കുകയും ചെയ്തു. പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള 38 ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. സംവരണം പ്രാതിനിധ്യ ഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.