ഇന്ത്യ പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം തള്ളി പാകിസ്താൻ. വെടിനിർത്തൽ ചർച്ചകളിൽ അമേരിക്കയെ പങ്കെടുപ്പിക്കാൻ ഇന്ത്യ സമ്മതിച്ചില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ പറഞ്ഞു. അമേരിക്ക ഇടപെടാൻ തയ്യാറായിരുന്നു. എന്നാൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയിൽ ചർച്ച വേണ്ടെന്ന് ഇന്ത്യ നിലപാടെടുത്തെന്നും പാകിസ്താൻ മന്ത്രി പറഞ്ഞു.
മെയ് മാസം വെടിനിർത്തൽ ആവശ്യം അമേരിക്ക മുന്നോട്ടുവച്ചെങ്കിലും, വിഷയത്തിൽ ദ്വിരാഷ്ട്ര ചർച്ചകൾ മതിയെന്ന് ഇന്ത്യ പറഞ്ഞുവെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ പറഞ്ഞു. ഇന്ത്യയുമായുള്ള മധ്യസ്ഥതയ്ക്കുള്ള സാധ്യത ഇസ്ലാമാബാദ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് ഉന്നയിച്ചിരുന്നു. എന്നാൽ പാകിസ്താനുമായുള്ള എല്ലാ വിഷയത്തിലും ദ്വിരാഷ്ട്ര ചർച്ചകൾക്ക് മാത്രമേ സാധ്യതയുള്ളൂവെന്ന് ഇന്ത്യ എല്ലായ്പ്പോഴും വാദിച്ചിട്ടുണ്ടെന്ന് അമേരിക്കൻ നയതന്ത്രജ്ഞൻ വ്യക്തമാക്കിയതായി ഇഷാഖ് ദർ പറഞ്ഞു.
“ഇത് ഒരു ദ്വിരാഷ്ട്രീയ പ്രശ്നമാണെന്ന് ഇന്ത്യ പറയുന്നു. ഞങ്ങൾ ഒന്നിനും വേണ്ടി യാചിക്കുന്നില്ല. സമാധാനം ഇഷ്ടപ്പെടുന്ന ഒരു രാജ്യമാണ് ഞങ്ങൾ, ചർച്ചകളാണ് മുന്നോട്ടുള്ള വഴി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു” ഇഷാഖ് ദർ പറഞ്ഞു. മേയ്മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദം നിരവധി തവണ ഉന്നയിച്ചിരുന്നു.
ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ഏപ്രിൽ 22-ന് നടന്ന ഭീകരവാദി ആക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ത്യ-പാക് സംഘർഷം നടന്നത്. മെയ് ഏഴ് മുതൽ പത്താം തീയതി വരെ നീണ്ടു നിന്ന സംഘർഷം ചർച്ചകൾക്കൊടുവിലാണ് അവസാനിപ്പിച്ചിരുന്നത്.