Headlines

ജിഎസ്ടി പരിഷ്കരണം; ഹിമാചലിൽ വില കുറയുന്നതിന് മുൻപേ സിമന്‍റിന് വില കൂട്ടി, കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി

ദില്ലി: ജിഎസ്ടി പരിഷ്കരണത്തിന്റെ ​ഗുണം സാധാരണക്കാരിലേക്ക് എത്തിക്കണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിൽ വില കുറയുന്നതിന് മുൻപേ സിമന്‍റിന് വില കൂട്ടി, ഇത്തരം സാഹചര്യങ്ങളെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. സ്വദേശി ഉല്പന്നങ്ങളെ സംബന്ധിച്ച് എല്ലാ കടകൾക്ക് മുന്നിലും ബോർഡുകൾ സ്ഥാപിക്കണമെന്നും നരേന്ദ്ര മോദി നിർദ്ദേശം നൽകി. പ്രതിപക്ഷത്തും അധികാരത്തിലുമുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തകർ ഇതിനായി പ്രയത്നിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം പ്രവത്തകരോട് സംസാരിക്കുകയായിരുന്നു മോദി.

ജിഎസ്ടി പരിഷ്കരണത്തെ സംബന്ധിച്ച് പ്രതിപക്ഷം പലതരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കണം. ബിജെപി-എൻഡിഎ സർക്കാരുകൾ രാജ്യത്ത് നല്ല ഭരണത്തിന്റെ പുതിയ മാതൃക നൽകിയിട്ടുണ്ട്. അടുത്ത തലമുറയിലേക്ക് ജിഎസ്ടി പരിഷ്കാരങ്ങളുടെ നേട്ടങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ ശ്രമിക്കണം. ചരക്ക് സേവന നികുതി പരിഷ്കാരങ്ങൾ കുടുംബങ്ങൾക്ക് ദൈനംദിന ആവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ ചെലവഴിക്കുന്നതിലൂടെ പ്രതിവർഷം 20,000 രൂപ ലാഭിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പറഞ്ഞു.