GST പരിഷ്കാരം രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും; പുതിയ ചരിത്രത്തിന് തുടക്കമിട്ടു’; പ്രധാനമന്ത്രി

രാജ്യം ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവയ്പ്പ് നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കാരം രാജ്യത്തിൻറെ വികസനത്തെ ത്വരിതപ്പെടുത്തും. പുതിയ ചരിത്രത്തിനു തുടക്കമിട്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ജി എസ് ടി ഇളവ് എല്ലാം മേഖലയിലുള്ള ആളുകൾക്കും ഗുണം ചെയ്യും. മധ്യവർഗ്ഗത്തിനും യുവാക്കൾക്കും ഗുണം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നേരത്തെ ഡസൻ കണക്കിന് ടാക്സുകൾ രാജ്യത്ത് ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് കമ്പനികളെ ടാക്സുകൾ ബാധിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് സാധനങ്ങൾ കയറ്റി അയക്കാൻ പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ആ അവസ്ഥയിൽ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു. ജിഎസ്ടി ഇതിനെല്ലാം പ്രതിവിധിയായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ വ്യവസായം ജിഎസ്ടി എളുപ്പമാക്കി. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കാരമായി. എല്ലാവരും ഒന്നിച്ചു ചേർന്നപ്പോൾ വലിയ നികുതിപരിഷ്കരണം സാധ്യമായി. ദൈനംദിന ഉപയോഗത്തിനുള്ള മിക്ക സാധനങ്ങളുടെ വില കുറയും. നവരാത്രിയുടെ ആദ്യ ദിനം എല്ലാ വീടുകളിലും മധുരം എത്തും. അവശ്യസാധനങ്ങൾ മരുന്നുകൾ അടക്കം എല്ലാ സാധനങ്ങൾക്കും വില കുറയും. 99% സാധനങ്ങളെയും അഞ്ചു ശതമാനം ടാക്സ് പരിധിയിൽ ഉൾപ്പെടുത്തി. 12 ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെ സർക്കാർ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി. മധ്യവർഗ്ഗ കുടുംബങ്ങളിൽ വലിയ മാറ്റമാണ് വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യമുക്തമാക്കി. ജനങ്ങളുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ തീരുമാനം. പൗരന്മാരാണ് ദൈവം എന്ന മന്ത്രവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ നിക്ഷേപങ്ങൾക്ക് ജിഎസ്ടി പരിഷ്കരണം ഊർജം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടര ലക്ഷം കോടി രൂപ യാണ് ജിഎസ്ടി പരിഷ്കരണത്തിലൂടെ ഇന്ത്യകാർക്ക് നേട്ടമുണ്ടാകുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വികസിത ഭാരതത്തിനായി നമ്മൾ ആത്മനിർഭരതിന്റെ വഴിയേ നടക്കണം. നമുക്ക് ആവശ്യമുള്ള സാധനങ്ങൾ ഇവിടെ തന്നെ ഉണ്ടാക്കാൻ കഴിയുമെങ്കിൽ അത് ചെയ്യണം. ഇന്ത്യയിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ലോകോത്തരമായിരിക്കണം. രാജ്യത്തിന്റെ സ്വാതന്ത്ര്യം സ്വദേശി മന്ത്രം കൊണ്ടേ സാധിക്കൂ. പോക്കറ്റിലുള്ള ചീപ്പ് പോലും വിദേശിയാണോ സ്വദേശിയാണോ എന്നറിയില്ല. നമ്മൾ ഉണ്ടാക്കിയ സാധനങ്ങൾ വാങ്ങണമെന്ന് പ്രധാമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യ സ്വയം പര്യാപ്തതയുടെ പാതയിലാണ്. സ്വദേശി സാധനങ്ങൾ ആണ് വാങ്ങുന്നതെന്നും വിൽക്കുന്നതെന്നും അഭിമാനത്തോടെ പറയണമെന്ന് അദേഹം പറഞ്ഞു.