Headlines

‘ അയ്യപ്പ സംഗമം പ്രഹസനമായി; ഒഴിഞ്ഞ കസേരകള്‍ എഐ നിര്‍മ്മിതിയെന്നു പറഞ്ഞ് എംവി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുത്’; വിഡി സതീശന്‍

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുതെന്ന് പറഞ്ഞ അദ്ദേഹം യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ചോദിച്ചു.

ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്റെ കര്‍മ്മികത്വത്തില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായി. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകള്‍. സര്‍ക്കാര്‍ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേര്‍ പോലും സംഗമത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തര്‍ സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗവും. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടത്. എന്നിട്ടാണ് അത് എ.ഐ നിര്‍മ്മിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചത്. ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുത്. സംഗമം ആഗോള വിജയമെന്നും ലോകപ്രശസ്തമായ വിജയമെന്നു പറഞ്ഞതിലൂടെ എം.വി ഗോവിന്ദന്‍ പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു – വി ഡി സതീശന്‍ വ്യക്തമാക്കി.

മാനവികതയുടെയും മതേതരത്വത്തിന്റെയും പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെ പോലെ വര്‍ഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസിനെ അവഹേളിക്കുന്നത് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥിന്റെ ആശംസാ കത്തിലെ ഉള്ളടക്കം അഭിമാനത്തോടെ ദേവസ്വം മന്ത്രി വായിച്ചതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്? ഭക്തി പരിവേഷമായി അണിയുന്നവര്‍ക്ക് പ്രത്യേക അജന്‍ഡയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഭക്തി പരിവേഷമായി അണിഞ്ഞത് നിങ്ങളാണ്. നിങ്ങള്‍ക്ക് തന്നെയാണ് പ്രത്യേക അജന്‍ഡയുള്ളതും. അയ്യപ്പ സംഗമത്തില്‍ തത്വമസിയെയും ഭഗവദ്ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയന്‍ നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം മറക്കില്ല – അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ വിശ്വാസങ്ങളെ തകര്‍ക്കാനും ഭക്തരെ അപമാനിക്കാനും ശ്രമിച്ച പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും അതേ ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തതിനുള്ള തിരിച്ചടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്നും വിഡി സതീശന്‍ പറഞ്ഞു.