ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനസ്ഥാപിക്കും. പുനഃസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികൾ പുനഃസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിൽ നടപടിക്രമങ്ങളെല്ലാം വിഡിയോയിൽ ചിത്രീകരിച്ചാണ് സ്വർണം പൂശിയ പാളികൾ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കേടുപാടുകൾ പരിഹരിക്കാനായി കൊണ്ടു പോയത്. അറ്റകുറ്റ പണികൾക്ക് ശേഷം സന്നിധാനത്ത് എത്തിച്ച സ്വർണം പൂശിയ പാളികൾ ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.
തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറന്ന ശേഷമാകും സ്വർണം പൂശിയ പാളികൾ ദ്വാരപാലക ശില്പങ്ങളിൽ പുനസ്ഥാപിക്കുന്നത്. ശ്രീ കോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികൾക്കും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.