ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധർ. ഓഗസ്റ്റ് ആദ്യവാരം രണ്ടായിരം മില്ലിമീറ്റർ മഴയാണ് പെട്ടിമുടിയിൽ പെയ്തത്. സമീപത്തെ മലയിൽ നിന്നും വെള്ളം കൂടി കുത്തിയൊലിച്ചു വന്നതോടെയാണ് ഉരുൾപ്പൊട്ടലുണ്ടായത്.
ഉരുൾപൊട്ടലുണ്ടായ ഓഗസ്റ്റ് ആറിന് പെട്ടിമുടിയിൽ പെയ്തത് 612 മില്ലി മീറ്റർ മഴയാണ്. ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ 2147 മില്ലി മീറ്റർ മഴ ലഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഈ മേഖലയിൽ ഇത്രയും മഴ ലഭിക്കുന്നത്. ശരാശരി ഒരു വർഷം കിട്ടേണ്ട മഴ ഒറ്റയാഴ്ച കൊണ്ട് പെയ്തിറങ്ങിയതോടെയാണ് ദുരന്തവും പിന്നാലെയെത്തിയത്.
ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ പെട്ടിമുടിയിൽ ക്വാറികളില്ല. തേയില കൃഷി ചെയ്യുന്ന ഇവിടെ മണ്ണിടിച്ചിലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ മേഘവിസ്‌ഫോടനത്തെ കുറിച്ചുള്ള പഠനം ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.