കെഎസ്ആര്‍ടിസിയില്‍ സാധനങ്ങള്‍ കളഞ്ഞു പോയാല്‍ പണം ഈടാക്കുന്ന നിയമത്തിന് ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മുന്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി
ഇതൊരു പഴയ നിയമമാണെന്ന് മന്ത്രി വിശദീകരിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടുമ്പോള്‍ നിയമപ്രകാരം അതിന്റെ വിലയുടെ നിശ്ചിത ശതമാനം സൂക്ഷിപ്പ് കൂലി കണക്കുകൂട്ടുമ്പോള്‍ അത് വലിയ തുകയായി മാറുന്നു. ഇങ്ങനെയുള്ള സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി. എന്നിരിക്കിലും സാധനങ്ങള്‍ തിരികെ കിട്ടുന്നതിന് ഒരു ചെറിയ തുക തുടര്‍ന്നും ഈടാക്കുമെന്നും മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി.മാല തിരികെക്കിട്ടാന്‍ പതിനായിരം രൂപ പിഴയടച്ച കുറ്റിവട്ടം സ്വദേശി ശോഭയെ വിളിച്ച് തീരുമാനം പിന്‍വലിച്ചതായി മന്ത്രി നേരിട്ട് അറിയിച്ചു. ഇടപെടലിന് വീട്ടമ്മയായ ശോഭ നന്ദിയും അറിയിച്ചു.