Headlines

‘ചാഞ്ചല്യമില്ലാത്ത പോരാളിയായിരുന്നു പുഷ്പൻ’; ‘സഖാവ് പുഷ്പൻ’ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ പുഷ്പനെ കുറിച്ചുള്ള പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശന കർമ്മം നിർവഹിച്ചത്. പിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററിന് നൽകിക്കൊണ്ടാണ് പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചത്. എഎ റഹീം എംപി, സി എൻ മോഹനൻ എന്നിവർ പങ്കെടുത്തു.

പുഷ്പൻ കമ്യൂണിസ്റ്റ് സ്ഥൈര്യത്തിൻ്റെ ഉത്തമ മാതൃകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാഞ്ചല്യമില്ലാത്ത പോരാളിയായിരുന്നു പുഷ്പൻ. ശയ്യാവലംബിയായിരിക്കുമ്പോഴും സുസ്മേര വദനനായിരുന്നു.പുഷപനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ഈ പുസ്തകം സഹായിക്കും എന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. പുഷ്പൻ സ്വന്തം ജീവിതം കൊണ്ട് ലോകത്ത് ആകെയുള്ള വിപ്ലവകാരികൾക്ക് മാതൃക ആവുകയായിരുന്നു. എല്ലാ ഘട്ടത്തിലും കാര്യങ്ങളിലും പ്രതികരിക്കുന്ന ആളായിരുന്നു. വിവിധ ഘട്ടങ്ങളിൽ ശാരീരികമായ പ്രശ്നങ്ങൾ അനുഭവിച്ചു. ഒരു ചാഞ്ചലിയവും ഒരു ഘട്ടത്തിലും ഉണ്ടായില്ല എന്നും മുഖ്യമന്ത്രി വേദിയിൽ പറ‍ഞ്ഞു.

പുഷ്‌പന്റെ ജീവിതത്തിനൊപ്പം മേനപ്രം എന്ന ഗ്രാമത്തിന്റേയും കൂത്തുപറമ്പ്‌ സമരത്തിന്റേയും അഞ്ച്‌ രക്തസാക്ഷികളുടെയും കഥകൂടിയാണ്‌ പുസ്‌തകത്തിലുള്ളത്‌. രക്തസാക്ഷികളായ കെ വി സുധീഷിനെയും, മാമൻ വാസുവിനെയും കുറിച്ചുള്ള ഓർമ്മകളും പുസ്‌തകത്തിലുണ്ട്‌.