‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം അക്കൗണ്ടുകളില്‍ എത്തിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിവരം അറിയിച്ചത്.

കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ജൂണ്‍ മാസത്തെ ശമ്പളം മുപ്പതാം തീയതി വിതരണം ചെയ്തെന്നാണ് മന്ത്രി അറിയിച്ചത്. തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു.

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

അതേസമയം കെഎസ്ആര്‍ടിസിക്കായി പുതുതായി നിരത്തിലിറങ്ങുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ ഇട്ടിരുന്നു. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കുന്നതിന്റെ ഫോട്ടോ ഇട്ടിരിക്കുന്നത്. ഫോട്ടോക്കൊപ്പം ഉടന്‍ വരുന്നുവെന്ന് ഇംഗ്ലീഷില്‍ കുറിപ്പും ഇട്ടിട്ടുണ്ട്. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്.