Headlines

കെപി പുന്നൂസിനെ കസ്റ്റഡിയിൽ എടുക്കാനെത്തിയത് പരാതിക്കാരന്റെ സഹോദരന്റെ കാറിൽ; പൊലീസിന്റെ കള്ളക്കളി പുറത്ത്

കൊല്ലം കണ്ണനല്ലൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെപി പുന്നൂസിന്റെ കസ്റ്റഡിയിൽ പൊലീസിന്റെ കള്ളക്കളി പുറത്ത്. കെ പി പുന്നൂസിനെ കസ്റ്റഡിയിൽ എടുക്കാനെത്തിയത് പരാതിക്കാരന്റെ സഹോദരന്റെ കാറിൽ. പൊലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം കാറിൽ പരാതിക്കാരന്റെ ബന്ധുവുമുണ്ടായിരുന്നു. കെ പി പുന്നൂസിനെ ജാമ്യത്തിൽ വിടാൻ പരാതിക്കാരന് പണം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ വിളിച്ച ഫോൺ രേഖകൾ ലഭിച്ചു.

കെ പി പുന്നൂസിനെ റിമാൻഡ് ചെയ്യുമെന്നും എന്തെങ്കിലും ചെയ്യുന്നെങ്കിൽ ചെയ്യാനും സഹോദരൻ ആവശ്യപ്പെടുന്ന വാട്സ് ആപ്പ് സന്ദേശവും പുറത്തുവന്നു. പരാതിക്കാരൻ്റെ സഹോദരനാണ് കെ പി പുന്നുസ് ആശുപത്രിയിലാണെന്നും ബന്ധുക്കളെ അറിയിക്കുന്നത്. പുന്നൂസിനെ കസ്റ്റഡിയിൽ എടുക്കാൻ നേരം ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമായിരുന്നു യൂണിഫോമിൽ ഉണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത് മടങ്ങുന്നത് മുതൽ കെപി പുന്നൂസിന്റെ ബന്ധുക്കളെയും അഭിഭാഷകരെയും നിരവധി തവണ വിളിച്ചു. പരാതിക്കാരന് പത്ത് ലക്ഷം രൂപ നൽകിയാൽ ജാമ്യത്തിൽ വിടാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിക്കാരന്റെ സഹോദരൻ അഭിഭാഷകരുമായി സംസാരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഞായറാഴ്ചയോടെ കുഴഞ്ഞുവീണ് പുന്നൂസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കെ പി പുന്നൂസിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തു എന്ന പരാതിയിൽ കൊട്ടാരക്കര കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ‌അതേസമയം കെപി പുന്നൂസിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്.