കൊല്ലം കണ്ണനല്ലൂരിൽ പൊലീസ് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൊലീസ് കസ്റ്റഡിയിലായിരിക്കെ കുഴഞ്ഞുവീണ വയോധികൻ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ചെക്ക് കേസിൽ ശനിയാഴ്ച അറസ്റ്റ് ചെയ്ത നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നില്ല. കസ്റ്റഡിയിൽ നിന്ന് വിടാൻ 10 ലക്ഷം രൂപ പരാതിക്കാരന് നൽകാൻ പൊലീസ് ആവശ്യപ്പെട്ടെന്ന് പുന്നൂസിന്റെ സുഹൃത്തായ അഭിഭാഷകൻ സതീശ് പറഞ്ഞു.
72 വയസിന് മുകളിൽ പ്രായമുണ്ട് കെപി പുന്നൂസിന്. കോട്ടയത്ത് നിന്നാണ് ഇദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയത്ത് നിന്ന് കൊല്ലത്തേക്ക് പുന്നനൂസിനെ കൊണ്ടുപോകുന്നതിനിടെയാണ് സുഹൃത്തുക്കളെ വിളിച്ച് 10 ലക്ഷം രൂപ എത്തിക്കാൻ പൊലീസ് ആവശ്യപ്പെടുന്നത്. അഭിഭാഷകനെയും ബന്ധുക്കളെയുമാണ് പൊലീസ് വിളിച്ചിരുന്നത്. ഇതിനിടെ പരാതിക്കാരൻ പൊലീസ് ഉദ്യോഗസ്ഥൻ എന്ന് വ്യാജേനെ ബന്ധുക്കളെ വിളിച്ചുവെന്ന പരാതിയും ഉയർന്നു. ശനിയാഴ്ച മുഴുവൻ പുന്നൂസ് സ്റ്റേഷനിൽ തുടർന്നു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്കാണ് പുന്നൂസിന് ശരീരിക അസ്വസ്ഥതകൾ ഉണ്ടായത്.
ഉടൻ തന്നെ പൊലീസ് പുന്നൂസിനെ ആശുപത്രിയിൽ എത്തിച്ചു. കടുത്ത ശരീര പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് അദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് ആശുപത്രി പിആർ പറഞ്ഞു. കെപി പുന്നൂസിന്റെ ആരോഗ്യനില ആതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
ആശുപത്രിയിലെ ചെലവ് വഹിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തന്നെ പിരിവിടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറി. 72,000 രൂപയാണ് ഇന്ന് മാത്രം ആശുപത്രിയിൽ ചെലവായത്. അദേഹത്തെ ജാമ്യത്തിൽ എടുത്തുകൊണ്ട് പോകൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളോട് പറഞ്ഞിരുന്നതായി പറയുന്നു. കസ്റ്റഡിയിലായതിനാൽ പൊലീസ് ആശുപത്രി ബിൽ അടക്കണമെന്നാണ് ബന്ധുക്കൾ പറയുന്നത്. നിയമവിരുദ്ധ കസ്റ്റഡിയുണ്ടായി എന്ന് ചൂണ്ടിക്കാട്ടി പുന്നൂസിന്റെ അഭിഭാഷകർ കൊട്ടാരക്കര കോടതിയെ സമീപിച്ചു.