Headlines

കണ്ണനെല്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരം; കസ്റ്റഡിയിലെടുത്തതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

കൊല്ലം കണ്ണനെല്ലൂരില്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരം. ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നിരണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പുന്നൂസിനെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. കെ പി പുന്നൂസിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തു എന്ന പരാതിയില്‍ കൊട്ടാരക്കര കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.

കഴിഞ്ഞ ശനിയാഴ്ചയാണ് ചെക്ക് കേസില്‍ കെ പി പുന്നൂസിനെ കണ്ണനെല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയോടെ കുഴഞ്ഞുവീണ് പുന്നൂസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരാതിക്കാരന് 10 ലക്ഷം രൂപ നല്‍കാന്‍ പൊലീസ് പുന്നൂസിന്റെ ബന്ധുക്കളില്‍ സമ്മര്‍ദം ചെലുത്തിയെന്നും കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയില്ലെന്നുമാണ് പുന്നൂസിന്റെ അഭിഭാഷകന്റെ വാദം. 78 വയസുകാരനായ പുന്നൂസ് മൂന്ന് ഹൃദയശസ്ത്രക്രിയകള്‍ക്ക് വിധേയനായ ആളാണ്. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പുന്നൂസ് പൊലീസിനോട് പറഞ്ഞിട്ടും പൊലീസ് അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്നും പുന്നൂസിന്റെ ബന്ധുക്കളും അഭിഭാഷകനും ആരോപിക്കുന്നു.

പുന്നൂസ് വെന്റിലേറ്ററില്‍ തുടരുകയാണെന്നും ഓക്‌സിജന്‍ ലെവല്‍ താഴുന്നത് ഉള്‍പ്പെടെ ആശങ്കയാകുന്നുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. പരാതിക്കാരന്റെ അനുജന്റെ വാഹനത്തിലാണ് പൊലീസ് പുന്നൂസിനെ കസ്റ്റഡിയിലെടുക്കാന്‍ പോയതെന്നും 10 ലക്ഷം രൂപ ഉടനെ നല്‍കിയാല്‍ പുന്നൂസിനെ ജാമ്യത്തില്‍ വിടാമെന്ന് പൊലീസ് വിളിച്ചറിയിച്ചതായും പുന്നൂസിന്റെ അഭിഭാഷകന്‍ പറഞ്ഞു.