Headlines

‘രണ്ടും ഒന്നല്ല, കള്ളപ്രചാരണത്തെക്കുറിച്ച് ഞാന്‍ നിവര്‍ന്ന് നിന്ന് സംസാരിക്കുന്നു, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും എന്തിന് തലയില്‍ മുണ്ടിട്ട് നടക്കുന്നു?’ കെ ജെ ഷൈന്‍

താന്‍ ഉന്നയിച്ച സൈബര്‍ ആക്രമണ പരാതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രസ്താവന നിരാശാജനകമെന്ന് സിപിഐഎം നേതാവ് കെ ജെ ഷൈന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുന്നത് അദ്ദേഹം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് കൊണ്ടാണെന്ന് കെ ജെ ഷൈന്‍ പറഞ്ഞു. നേതൃത്വം അറിയാതെയാണ് ആ പ്രസ്ഥാനത്തിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വേണോ മനസിലാക്കാനെന്ന് കെ ജെ ഷൈന്‍ ചോദിച്ചു. ആര്‍ക്കും എന്തും പറയാന്‍ ഈ പാര്‍ട്ടിയിലാകുമോ എന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ അപവാദ പ്രചാരണം നടന്നപ്പോള്‍ ആദ്യം ഒരു മാനസികാഘാതമുണ്ടെന്നും പിന്നീട് തന്റെ കുടുംബത്തിന്റേയും പ്രസ്ഥാനത്തിന്റേയും ജനങ്ങളുടേയും പിന്തുണയോടെ അതിനെ അതിജീവിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു. തനിക്കെതിരെ ഒരു ബോംബ് വരാനുണ്ടെന്നും തകര്‍ന്ന് പോകരുതെന്നും ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് തന്നോട് പറഞ്ഞിരുന്നു. അന്തസ്സോടെ ജീവിക്കാനുള്ള തന്റെ മൗലിക അവകാശമാണ് ചിലര്‍ നിഷേധിക്കുന്നത്. വൈകൃതം ബാധിച്ച ഒരു സമൂഹത്തിന്റെ ക്രൂരവിനോദമാണിത്. വീടിന്റെ വാതില്‍ ആരും ചവിട്ടിപ്പൊളിച്ചിട്ടില്ലെന്ന് തന്റെ ഭര്‍ത്താവിന് പറയേണ്ടി വരുന്നതൊക്കെ എന്തൊരു ഗതികേടാണെന്നും അവര്‍ ചോദിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷിക്കാനായാണ് തനിക്കെതിരെ ഇത്തരമൊരു കള്ള ആരോപണം ചമച്ചതെന്ന് കെ ജെ ഷൈന്‍ പറയുന്നു. രാഹുലിനെതിരെ സൈബര്‍ ആക്രമണമുണ്ടായില്ലേ അപ്പോള്‍ ഇതും സഹിക്കണം എന്ന് പറയാനാകില്ല. രണ്ട് കേസുകളും ഒന്നല്ല. പ്രചാരണം തുടങ്ങിയപ്പോള്‍ മുതല്‍ താന്‍ നിവര്‍ന്ന് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന് ഇപ്പോഴും എന്തുകൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുന്നുവെന്നും ഷൈന്‍ ചോദിച്ചു.