Headlines

‘പുലര്‍ച്ചെ നാല് മണിക്ക് ഉണരുക; 36 സെക്കന്റിനുള്ളില്‍ രണ്ട് വോട്ടര്‍മാരെ ഒഴിവാക്കുക; ഇങ്ങനെയാണ് വോട്ട് കൊള്ള നടന്നത്’; ആരോപണം ആവര്‍ത്തിച്ച് രാഹുല്‍

വോട്ട് ചോരി ആരോപണം ആവര്‍ത്തിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്നും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണര്‍ന്നിരുന്ന് മോഷണം നിരീക്ഷിച്ചു, കള്ളന്മാരെ സംരക്ഷിച്ചു എന്നാണ് രാഹുലിന്റെ വിമര്‍ശനം.

പുലര്‍ച്ചെ നാല് മണിക്ക് ഉണരുക. 36 സെക്കന്റിനുള്ളില്‍ രണ്ട് വോട്ടര്‍മാരെ ഒഴിവാക്കുക. വീണ്ടും കിടന്ന് ഉറങ്ങുക. ഇങ്ങനെയാണ് വോട്ട് കൊള്ള നടന്നത്. – രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കര്‍ണാടകയിലെ ആലന്ദ്, മഹാരാഷ്ട്രയിലെ രജുറ മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവന്ന രാഹുലിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. തെളിവുകളടക്കം പുറത്തുവിട്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. രാഹുല്‍ ഗാന്ധി പറയുന്നത് തെറ്റും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണെന്ന് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും പ്രതികരിച്ചു. വോട്ട് കൊള്ളയ്‌ക്കെതിരായ ഒപ്പുശേഖരണ ക്യാമ്പയിനില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു,
അതിനിടെ, രാഹുല്‍ ഗാന്ധിയുടെ ജെന്‍ സി പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത് എത്തി. രാഹുല്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ജെന്‍ സി കുടുംബ രാഷ്ട്രീയത്തിന് എതിരാണെന്നും രാഹുല്‍ രാജ്യം വിടാന്‍ തയ്യാറാകൂ എന്നും എംപി നിഷികാന്ത് ദുബെ എക്‌സില്‍ കുറിച്ചു. രാജ്യത്തെ യുവാക്കള്‍, വിദ്യാര്‍ഥികള്‍, ജെന്‍ സി അവര്‍ ഭരണഘടനയും ജനാധിപത്യത്തെയും സംരക്ഷിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പോസ്റ്റാണ് ബിജെപി വിവാദമാക്കിയത്.