Headlines

കുതിപ്പിന് അവധി; ഇപ്പോഴും സ്വര്‍ണം താങ്ങാവുന്ന വിലയിലെത്തിയോ? അറിയാം ഇന്നത്തെ നിരക്കുകള്‍

സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 10 രൂപ വീതവും ഇടിഞ്ഞു. പവന് 81000 രൂപയില്‍ നിന്ന് ഇന്നും താഴ്ചയുണ്ടായിട്ടില്ല. പവന് 81520 രൂപ എന്ന നിരക്കില്‍ തന്നെയാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് ഇന്ന് 10,190 രൂപയും നല്‍കേണ്ടി വരും

നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,000 കടന്നത്. കുറച്ച് അധികം നാളുകളായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ആണ് രേഖപ്പെടുത്തുന്നത്.കഴിഞ്ഞ ദിവസം ഒരു പവന്റെ വില 81600 രൂപയിലെത്തുകയായിരുന്നു.

കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.