കമ്മ്യൂണിസ്റ്റുകാരനെന്ന പരിധിവിട്ട് ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല; ശബ്ദ സന്ദേശത്തിലെ ആരോപണം വസ്തുതയുമായി ബന്ധമില്ല’; എസി മൊയ്തീൻ

സിപിഐഎമ്മിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണത്തിൽ പ്രതികരിച്ച് എസി മൊയ്തീൻ. ഫോൺ സംഭാഷണത്തിൽ പറയുന്ന കാര്യങ്ങൾ വസ്തുതയുമായി ബന്ധമില്ലെന്ന് എസി മൊയ്തീൻ പറഞ്ഞു. സംഭവത്തിൽ ശരത് പ്രസാദിനോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് ശേഷം പാർട്ടി തീരുമാനമെടുക്കുമെന്ന് എസി മൊയ്തീൻ പറഞ്ഞു. പാർട്ടിയാണ് തങ്ങളുടെയൊക്കെ ജീവിതം പരിശോധിക്കുന്നത്. ഈ വിഷയത്തിലും പാർട്ടി പരിശോധിക്കുമെന്ന് അദേഹം പറഞ്ഞു.

ശബ്ദ സന്ദേശത്തിൽ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങൾ ചർച്ച ചെയ്തത്. മാധ്യമങ്ങൾ സ്വയം പരിശോധിച്ച് തിരുത്തണമെന്ന് എസി മൊയ്തീൻ പറഞ്ഞു. പാർട്ടി ഫണ്ട് പിരിക്കുന്നത് കൂട്ടായിട്ടാണ്. ഘടകത്തിന്റെ വലുപ്പം നോക്കിയല്ല ഫണ്ട് പിരിക്കുന്നത്. ഇത് സംബന്ധിച്ച് ആദായ നികുതിയ്ക്ക് പാർട്ടി കൃത്യമായ കണക്ക് നൽകുന്നുണ്ട്. ഫോൺ സംഭാഷണത്തിൽ പറയുന്ന കാര്യങ്ങൾ വസ്തുതയുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണെന്ന് എസി മൊയ്തീൻ പറഞ്ഞു.

തൃശൂരിലെ കോൺഗ്രസ് വളരെ സൂതാര്യമായി പ്രവർത്തിക്കുന്നവരാണല്ലോ എന്ന് എസി മൊയ്തീൻ പരിഹസിച്ചു. വീണു കിട്ടിയ ഒന്ന് ആയുധമാക്കി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. ഏത് ഏജൻസിക്കും അന്വേഷിക്കാമെന്ന് എസി മൊയ്തീൻ വ്യക്തമാക്കി. പാർട്ടിയെ ആക്രമിക്കാൻ ഉപയോഗിച്ച ഏതെങ്കിലും കാര്യങ്ങൾ തെളിവുണ്ടോയെന്നും ആക്ഷേപങ്ങളുടെ പുകമറ ഉണ്ടാക്കി നിൽക്കുകയാണെന്ന് എസി മൊയ്തീൻ പറഞ്ഞു. പാർട്ടിയെ വേട്ടയാടുകയാണെങ്കിൽ അതിനെയെല്ലാം പ്രതിരോധിച്ച് മുന്നോട്ടുപോകും തൃശൂരിൽ തെറ്റായ ഒരു പ്രവണതയും വെച്ചുപൊറുക്കുന്ന നിലപാടില്ലെന്ന് എസി മൊയ്തീൻ വ്യക്തമാക്കി.