Headlines

രാഹുലിനെ സഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടില്‍ വി ഡി സതീശന്‍; എതിര്‍ത്ത് ഒരു വിഭാഗം; ഉള്‍പ്പാര്‍ട്ടി കലഹം അവസാനിക്കുന്നില്ല

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി കലഹം. രാഹുലിനെ തിരിച്ചു കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ചില ഉന്നത നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയായെന്നാണ് ആരോപണം. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവായ യുവതി ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെതിരെ അടക്കം സൈബര്‍ ആക്രമണവും രൂക്ഷമാണ്.

തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ചേരുന്നത്. രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനോട് വി ഡി സതീശന് ഉള്‍പ്പെടെ എതിര്‍പ്പാണ്. എന്നാല്‍ രാഹുലിനെതിരെ ശക്തമായ മൊഴിയോ പരാതിയോ പോലുമില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ എന്തിന് മാറ്റിനിര്‍ത്തണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നത്. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പശ്ചാത്തലത്തില്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാമെന്ന് മറ്റൊരു വിഭാഗം നേതാക്കളും പറയുന്നു.

ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. രാഹുലിനെതിരെ ഇതുവരെ സ്ത്രീകള്‍ മൊഴി നല്‍കാന്‍ തയ്യാറാകാത്തതും കേസ് അന്വേഷണത്തില്‍ വെല്ലുവിളിയാണ്. സ്ത്രീകളുടെ മാധ്യമങ്ങളിലൂടെ അടക്കമുള്ള വെളിപ്പെടുത്തലുകള്‍ ഏതെങ്കിലും തരത്തില്‍ പരാതിയായി കണക്കാക്കാന്‍ കഴിയുമോ എന്നാണ് ക്രൈംബ്രാഞ്ച് നിലവില്‍ നിയമപദേശം തേടുന്നത്.