കോഴിക്കോട്: കെ.ടി. ജലീലിന്‍റെ ആരോപണത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. നാണം കേട്ട് രാജിവെച്ചതിലെ പക മാത്രമല്ല കെ ടി ജലീലിന് ഉള്ളത്. മന്ത്രി ആയപ്പോൾ നടത്തിയ മറ്റൊരു ഗുരുതര അഴിമതി പുറത്തു വരാൻ പോകുന്നു എന്നതിലെ വെപ്രാളമാണ് ജലീൽ കാണിക്കുന്നത്. ഈ അഴിമതി കൂടി പുറത്തു വന്നാൽ തലയിൽ മുണ്ടിട്ടു പുറത്തു നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിനെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജലീല്‍ പറയുന്നതെന്നും ഫിറോസ് പറഞ്ഞു.
താൻ ബിസിനസ് ചെയ്യുന്ന ആളാണ്. അതിൽ അഭിമാനം ഉണ്ട്. രാഷ്ട്രീയം ഉപജീവനം ആക്കരുത് എന്ന് പ്രവർത്തകരോട് പറയാറുണ്ട്. ജലീലിനോടും സ്വന്തം നിലക്ക് തൊഴിൽ ചെയ്യണം എന്നാണ് പറയാനുള്ളത്. ബിസിനസ്സിൽ പങ്കാളി ആക്കാൻ രാഷ്ട്രീയം നോക്കേണ്ട. വിദേശത്തുള്ള കമ്പനിയിൽ എത്ര ആൾ വേണം, എത്ര ശമ്പളം തരുന്നു എന്നതൊക്കെ കമ്പനിയുടെ സ്വകാര്യ കാര്യം. അതൊക്കെ എന്തിന് ജലീലിനോട് പറയണം. ഫിറോസിന് റിവേഴ്‌സ് ഹവാല ഉണ്ട് എന്നതിൽ ജലീലിന് വ്യക്തത ഉണ്ടോ. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് ചെപ്പടി വിദ്യയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി .ജലീലിന് എതിരെ പുതിയ ആരോപണവും ഫിറോസ് ഉന്നയിച്ചു. മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കലില്‍ ജലീലിനു പങ്കുണ്ടെന്നതിന്‍റെ നിർണായക തെളിവുകൾ വരും ദിവസം പുറത്തു വരും. ജലീൽ നേരിട്ട് ഇടപെട്ട് കോടികളുടെ അഴിമതി നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആയപ്പോൾ നേരിട്ട് ഇടപെട്ടു. ഇതിന്‍റെ രേഖകൾ പുറത്തു വിടും. ഇത് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തുന്നു. അഴിമതി പുറത്തു വരും എന്നതിലെ വെപ്രാളം ആണ് ജലീൽ കാണിക്കുന്നതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.