ധർമ്മസ്ഥല വെളിപ്പെടുത്തലിൽ വ്‌ളോഗർ മനാഫിനെ ചോദ്യം ചെയ്യുന്നത് പൂർത്തിയായി. ആവശ്യമുണ്ടാകുന്ന പക്ഷം വീണ്ടും വിളിപ്പിക്കുമെന്ന് പറഞ്ഞ് മനാഫിനെ എസ്ഐടി വിട്ടയച്ചു. മനാഫിന്റെ മൊഴി വിഡിയോയിൽ പകർത്തിയിട്ടുണ്ട്. മൂന്ന് ദിവസമാണ് മനാഫിനെ ചോദ്യം ചെയ്തത്. മനാഫ് നാട്ടിലേക്ക് മടങ്ങി. കൂടാതെ മറ്റൊരു യൂട്യൂബറായ അഭിഷേകിന്‍റെ ചോദ്യം ചെയ്യലും പൂർത്തിയായിട്ടുണ്ട്. അഭിഷേകിൽ നിന്ന് എസ്ഐടി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
ധര്‍മ്മസ്ഥല ക്ഷേത്രപരിസരത്ത് പെൺകുട്ടികളുടെ മൃതദേഹങ്ങൾ മറവുചെയ്തെന്ന മുൻ ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന നടന്നതായി അന്വേഷണസംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ വെളിപ്പെടുത്തൽ നടത്താൻ ചിലർ തന്നെ നിർബന്ധിച്ചുവെന്ന ചിന്നയ്യയുടെ പുതിയ മൊഴിയാണ് കേസിന്റെ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മനാഫ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.
ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട ബലാത്സംഗ ആരോപണങ്ങളിൽ തന്റെ പക്കൽ തെളിവുകളുണ്ടെന്ന് മനാഫ് യൂട്യൂബ് ചാനലുകളിലൂടെ അവകാശപ്പെട്ടിരുന്നു. കൂടാതെ ഈ വിഷയത്തിൽ നിരവധി വീഡിയോകളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.