ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനക്കേസിൽ വ്ളോഗർ മനാഫ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മനാഫ് ബൽത്തങ്ങാടിയിലെ എസ്ഐടി ഓറഫീസിലെത്തിയത്. ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി സംബന്ധിച്ച അന്വേഷണത്തിലാണ് മനാഫിനെ ചോദ്യം ചെയ്യുന്നത്.
മനാഫിന്റെ പക്കലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അടക്കം ഹാജരാക്കാൻ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ആയ ജയന്ത്, ഗിരീഷ് മട്ടന്നവർ എന്നിവരെ കഴിഞ്ഞ നാല് ദിവസമായി അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്.
ധര്‍മ്മസ്ഥല ക്ഷേത്രപരിസരത്ത് പെൺകുട്ടികളുടെ മൃതദേഹങ്ങൾ മറവുചെയ്തെന്ന മുൻ ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന നടന്നതായി അന്വേഷണസംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ വെളിപ്പെടുത്തൽ നടത്താൻ ചിലർ തന്നെ നിർബന്ധിച്ചുവെന്ന ചിന്നയ്യയുടെ പുതിയ മൊഴിയാണ് കേസിന്റെ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മനാഫ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട ബലാത്സംഗ ആരോപണങ്ങളിൽ തന്റെ പക്കൽ തെളിവുകളുണ്ടെന്ന് മനാഫ് യൂട്യൂബ് ചാനലുകളിലൂടെ അവകാശപ്പെട്ടിരുന്നു. കൂടാതെ ഈ വിഷയത്തിൽ നിരവധി വീഡിയോകളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.