പാർട്ടി ലെവി അടക്കാത്ത ജനപ്രതിനിധികൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ലെന്ന് മുസ്ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലപാട് കടുപ്പിക്കുകയാണ് മുസ്ലിം ലീഗ്. ഈ മാസം 20നകം വീഴ്ച വന്ന ലെവി കുടിശ്ശിക അടച്ചുതീർക്കണം. ബാഫഖി തങ്ങൾ സെന്റർ നിർമ്മാണത്തിന് ഓണറേറിയം നൽകാത്തവർക്കും പാർട്ടി മത്സരവിലക്ക് ഏർപ്പെടുത്തും.
പാർട്ടി ലെവി നൽകാത്തവർക്കും ബാഫഖി തങ്ങൾ സെന്റർ നിർമാണത്തിന് ഒരു മാസത്തെ ഓണറേറിയം നൽകാത്ത ജന പ്രതിനിധികൾക്കും ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് പാർട്ടി നിലപാട്. പാർട്ടി പത്രത്തിന്റെ വരിക്കാർ അല്ലാത്ത ജനപ്രതിനിധികളുടെ വിവരങ്ങളും നേതൃത്വത്തിന് കൈമാറും.
ഇത്തരം ജനപ്രതിനിധികളുടെ വിവരവും മത്സര അയോഗ്യതയും സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകാൻ തീരുമാനമെടുത്തങ്കിലും വീഴ്‌ച വന്ന ലെവിയും, ഓണറേറിയവും അടക്കുന്നതിനും പാർട്ടി പത്രത്തിന്റെ വാർഷിക വരിക്കാരാവുന്നതിനും സെപ്റ്റംബർ 20 വരെ സമയം അനുവദിക്കാനാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം. ഈ സമയപരിധി കഴിഞ്ഞാവും വിവരങ്ങൾ സംസ്ഥാന കമ്മിറ്റിയ്ക്ക് നൽകുക. കഴിഞ്ഞ വർഷം തന്നെ പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തിരുന്നങ്കിലും അന്ന് കുറച്ച് പേർ ലെവിയും ഓണറേറിയവുമടച്ച് നടപടികളിൽ നിന്ന് ഒഴിവായിരുന്നു.