ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണത്തിൽ പ്രതി സതീഷിൻ്റെ ഇടക്കാല ജാമ്യത്തിൻ മേലുള്ള ഹർജി മാറ്റി വച്ചു. ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഈമാസ 16ലേക്കാണ് മാറ്റി. ഫോറൻസിക് പരിശോധനാ ഫലം വൈകുന്നതിനാലാണ് കേസ് മാറ്റിവെച്ചത്.
അതുല്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനാണ് ഫോറൻസിക് പരിശോധന. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. സതീഷിനെതിരെ കൊലപാതക കുറ്റത്തിന് തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. എന്തെങ്കിലും തെളിവുകൾ ലഭിച്ചിരുന്നെങ്കിൽ ദുബായ് പൊലീസ് സതീഷിനെ അറസ്റ്റ് ചെയ്യുമായിരുന്നുവെന്നും അതുല്യയുടേത് തൂങ്ങിമരണം ആണെന്നാണ് കോൺസുലേറ്റ് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നും ചൂണ്ടിക്കാട്ടിയാണ് വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്.
അതുല്യയുടെ മരണം കൊലപാതകം ആണെന്നാണ് മാതാപിതാക്കളുടെ പരാതി. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ജൂലൈ 19നാണ് അതുല്യയെ ഷാർജയിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അതുല്യയെ ക്രൂരമായി സതീഷ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.