പൊലീസിനെതിരായ പ്രചാരണം ആസൂത്രിതമെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. സേനയിലെ എല്ലാവരും സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ നടക്കുന്നവരല്ല. ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാനാകില്ല. മുമ്പുണ്ടായ സംഭവത്തെ ഇപ്പോൾ നടന്ന രീതിയിൽ പ്രചരിപ്പിക്കുന്നു. ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു.
ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. അല്ലാതെ തല്ലാനോ തൂക്കിക്കൊല്ലാനോ കഴിയില്ലല്ലോ എന്നും ഇ പി ജയരാജൻ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പൊലീസ് മർദ്ധനങ്ങൾ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് പ്രതിപക്ഷം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കുന്നുവെന്നാണ് പ്രതിപക്ഷാരോപണം.
പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. വരുന്ന നിയമസഭാ സമ്മേളനത്തിലും വിഷയം പ്രതിപക്ഷം ഉയത്തി കൊണ്ട് വരും. പൊലീസ് അതിക്രമങ്ങളിൽ നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് പാലക്കാട് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സുജിത്ത് വിഎസിനെ മർദ്ദിച്ച സിപിഒ സന്ദീപിന്റെ കൊല്ലം ചവറയിലെ വീട്ടിലേക്കും യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.
ഉദ്യോഗസ്ഥർക്കെതിരെ പെട്ടന്ന് നടപടിയെടുക്കുക പ്രായോഗികമല്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നലപാട്. പൊലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവരെ കൈകാര്യം ചെയ്യാൻ പോവുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.