ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി പത്രിക സമര്‍പ്പിച്ചു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, ശരത് പവാര്‍, രാംഗോപാല്‍ യാദവ് അടക്കം ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ബി. സുദര്‍ശന്‍ റെഡ്ഡി ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അടക്കമുള്ള നേതാക്കളെ നേരില്‍ കണ്ട് തിരഞ്ഞെടുപ്പിന് പിന്തുണ തേടി.

രാവിലെ 11.30ഓടെയാണ് ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി, വരണാധികാരി, സെക്രട്ടറി ജനറല്‍ പി സി മോദിയുടെ മുന്നിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നാല് സെറ്റ് പത്രികകളാണ് ജസ്റ്റിസ് റെഡ്ഢി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും, ശരത് പവാറും അടക്കം ഇന്ത്യ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പത്രിക നല്‍കാന്‍ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡിയെ അനുഗമിച്ചു.

തിരഞ്ഞെടുക്കപ്പെട്ടാല്‍, നിഷ്പക്ഷതയോടും, അന്തസ്സോടും, ഉറച്ച പ്രതിബദ്ധതയോടും കൂടി തന്റെ കടമ നിര്‍വഹിക്കുമെന്ന്, പത്രിക സമര്‍പ്പിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ജസ്റ്റിസ് റെഡ്ഡി അറിയിച്ചു. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പത്രിക സമര്‍പ്പണത്തിന് ശേഷം തിരഞ്ഞെടുപ്പിന് പിന്തുണ തേടി ജസ്റ്റിസ് റെഡ്ഢി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി.