Headlines

ശബരിമല സ്വർണ്ണക്കൊള്ള: സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ എസ്ഐടി സംഘം ശ്രീകോവിലിന് സമീപത്തെ സ്വർണ്ണപ്പാളിയിലും സ്ട്രോങ്ങ് റൂമിൽ അടക്കം പരിശോധന നടത്തിയെന്നാണ് സൂചന. പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്നും നാളെയും എസ്ഐടി സംഘം സന്നിധാനത്ത് തുടരും. കൊടിമരം മാറ്റി സ്ഥാപിച്ചതിൽ അടക്കം എസ്ഐടി വിവരങ്ങൾ ശേഖരിക്കും. ഇന്നലെ ഉച്ചയോടുകൂടിയാണ് എസ് പി ശശിധരൻ അടക്കമുള്ള അന്വേഷണസംഘം സന്നിധാനത്ത് എത്തിയത്. ഹൈക്കോടതിയുടെ അനുമതി പ്രകാരം ആയിരുന്നു സന്നിധാനത്തെ പരിശോധനയും തെളിവ് ശേഖരണവും. സ്വർണകൊള്ളയിൽ സന്നിധാനത്തുനിന്ന് പരമാവധി തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് എസ്ഐടിയുടെ ആലോചന.അതേസമയം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഇന്നലെ നടത്തിയ സംസ്ഥാന വ്യാപക റെയ്ഡിലെ തുടർ നീക്കങ്ങൾ ഇന്ന് ഉണ്ടായേക്കും. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് ഇന്നലെ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടന്നിരുന്നു. ഇവിടെനിന്ന് ലഭിച്ച വിവരങ്ങളുടെയും ബാങ്കിംഗ് ട്രാൻസാക്ഷന്റേയും അടിസ്ഥാനത്തിൽ ആയിരിക്കും ഇഡി അടുത്തഘട്ട അന്വേഷണം ആരംഭിക്കുക.

സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.