തിരഞ്ഞെടുപ്പിൽ വിമർശനവുമായി നടൻ ജോയ് മാത്യു രംഗത്തെത്തി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തന്റെ പത്രിക തള്ളിയതിന് പിന്നിൽ ബോധപൂര്വ്വമായ നീക്കമുണ്ടെന്ന് ജോയ് മാത്യു പറഞ്ഞു. പത്രിക തള്ളിയതിലെ കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസ്സിലാകുമെന്നും ജോയ് മാത്യു അറിയിച്ചു.
ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സംഘടനയുടെ മുൻ പ്രസിഡൻറ് മോഹൻലാൽ, ഇത്തവണ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ദേവൻ, ശ്വേതാ മേനോൻ, ടോവിനോ, ജോജു അടക്കമുള്ളവർ ഇതിനകം വോട്ട് ചെയ്യാൻ എത്തി.
അതേസമയം അമ്മയിൽ ഒരിക്കലും ഒരു പൊട്ടിത്തെറി ഉണ്ടാവില്ലെന്നാണ് രവീന്ദ്രൻറെ പ്രതികരണം. പൊട്ടിത്തെറി ഉണ്ടാവുമോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിക്കാൻ ഇതെന്താ പടക്കക്കടയോ എന്ന് മറുചോദ്യം. എല്ലാവരിൽ നിന്നും വോട്ട് ഉറപ്പിച്ചിട്ടുണ്ട്. വിജയിക്കുമെന്ന് തന്നെയാണ് ഉറച്ച പ്രതീക്ഷ. വനിതകൾ, പുരുഷന്മാർ എന്നിങ്ങനെ വേർതിരിവില്ല. ഞങ്ങളെല്ലാവരും ഒരു കുടുംബമാണെന്നും രവീന്ദ്രൻ പ്രതികരിച്ചു.
നിർണ്ണായകമായ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും അമ്മ നല്ലവണ്ണം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവരെ തെരഞ്ഞെടുക്കുകയാണ് ലക്ഷ്യമെന്നും നടൻ ധർമ്മജൻ പ്രതികരിച്ചു. വനിത നേതൃത്വം വരുന്നതാണ് നല്ലത്. വിവാദങ്ങളൊക്കെ ഒരു വഴിക്ക് നടക്കുമെന്നും സംഘടന നല്ലവണ്ണം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവരെ തെരെഞ്ഞെടുക്കുകയാണ് ലക്ഷ്യമെന്നും നടൻ പറഞ്ഞു. സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നവരോട് യോജിപ്പില്ലെന്ന് നടൻ കൂട്ടിച്ചേർത്തു. മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല, ശ്വേത സെക്സ് നടിയല്ല. സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്നത് അവർ ചെയ്യുന്നുവെന്ന് മാത്രമെന്നും ധർമജൻ പറഞ്ഞു.