അമ്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കടുത്ത മത്സരമാണ് നടക്കുന്നത്. ശ്വേത മേനോനും കുക്കു പരമേശ്വരനും മുന്നിൽ. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്ക്കും ലക്ഷ്മിപ്രിയയ്ക്കുമാണ് ലീഡ്.
357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. ഗിന്നസ് പക്രുവാണ് അവസാനം വോട്ട് ചെയ്തത്. രണ്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്‍റെ ഫലപ്രഖ്യാപനം നാല് മണിക്ക് നടക്കും.
ശ്വേത മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിക്കുന്നു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.