സംസ്ഥാനത്ത് കൊടും കുറ്റവാളികൾക്ക് സംരക്ഷണം കിട്ടുന്നു എന്ന് സിപിഐ രാഷ്ട്രീയ റിപ്പോർട്ട്. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയകാര്യ റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. കൊടി സുനിയെ പോലെയുള്ളവർക്ക് ജയിൽ വിശ്രമകേന്ദ്രം പോലെയാണ്. കാപ്പ – പോക്സോ പ്രതികൾക്ക് രാഷ്ട്രീയ സ്വീകരണം കിട്ടുകയാണെന്നും പൊലീസുകാർ അമിതാധികാരം ഉപയോഗിക്കുന്നുവെന്നും സിപിഐ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനം.
എഡിജിപി എം ആർ അജിത് കുമാറിനെ പോലെയുള്ളവർ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ല. വിവിധ സർക്കാർ വകുപ്പുകളിൽ കുടുംബശ്രീ അംഗങ്ങളെ തിരുകി കയറ്റുന്നു. ഇത് പിഎസ്‌സിയെയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കുന്നു. മൃഗസംരക്ഷണ വകുപ്പ് പ്രവർത്തനം തൃപ്തികരമല്ലെന്നും സിപിഐ വിമർശിച്ചു.
അതേസമയം, പത്തനംതിട്ട കോന്നിയിൽ മൂന്ന് ദിവസമാണ് ജില്ലാ സമ്മേളനം നടക്കുക. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിഭാഗീയത നിലനില്ക്കുന്ന ജില്ലയിൽ തർക്കവും മത്സരവും ഇല്ലാതെ ഒരു സ്ഥിരം ജില്ലാ സെക്രട്ടറിയെ കണ്ടെത്തുക സംസ്ഥാന നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി. തർക്കങ്ങളെ തുടർന്ന് സമ്മേളനത്തിന് മുന്നോടിയായി നടക്കേണ്ട ബാനർ ജാഥകളിൽ ഒന്ന് റദ്ദാക്കിയിരുന്നു.