‘കാട്ടാന വന്നു, ജനം ക്ഷമിച്ചു, കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു’: ജോയ് മാത്യു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. ജോയ് മാത്യു ആര്യാടന്‍ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാൽ ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു.

എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു എന്നാണ് പരിഹാസത്തോടെയുള്ള പോസ്റ്റ്.

അതേസമയം നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് ഇരട്ടി മധുരം. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി.