Headlines

വിവി പ്രകാശിന്റെ വീട്ടില്‍ സ്വരാജ് പോയത് സമയ നഷ്ടം; ഷൗക്കത്ത് അവിടെ പോകാതെ തന്നെ ആ കുടുംബം കോണ്‍ഗ്രസിനൊപ്പമെന്ന് പറഞ്ഞതാണ്’ ; സണ്ണി ജോസഫ്

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പതിനായിരങ്ങളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വി വി പ്രകാശിന്റെ വീട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പോയത് സമയ നഷ്ടം മാത്രമെന്നും ആര്യാടന്‍ ഷൗക്കത്ത് അവിടെ പോകാതെ തന്നെ ആ കുടുംബം കോണ്‍ഗ്രസിനൊപ്പമാണെന്ന് പറഞ്ഞല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. ആര്യാടന്‍ ഷൗക്കത്ത് പോകാതെ തന്നെ പ്രകാശിന്റെ ഭാര്യ സ്മിത പറഞ്ഞല്ലോ ഞങ്ങള്‍ കോണ്‍ഗ്രസാണെന്ന്. പിന്നെന്തിനാ. സ്വരാജ് പോയത് സമയ നഷ്ടം മാത്രം. നേരത്തെ അന്‍വറും പോയിരുന്നല്ലോ. അന്‍വര്‍ പോതിന് ശേഷം സ്മിത പറഞ്ഞിട്ടുണ്ട് ഞങ്ങള്‍ പ്രകാശേട്ടന്റെ പാര്‍ട്ടിയാണെന്ന് – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിജയം ഉറപ്പെന്നും ചരിത്ര ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. യുഡിഎഫ് തീരുമാനിച്ച നിലയിലുള്ള പ്രചാരണം നടന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് മുന്നോട്ടുവെച്ച വിഷയങ്ങള്‍ ചര്‍ച്ചയായി. എല്‍ഡിഎഫ് വിഷയങ്ങളെ വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. നിലമ്പൂരിലെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു – അദ്ദേഹം പറഞ്ഞു.