തിരുവനന്തപുരം: രണ്ടു തവണ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്തിന്റെ മൊഴിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വിശദമായ മറുപടി നല്‍കാം. കോണ്‍സുലേറ്റില്‍ 2 തവണ പോയി എന്നത് ശരിയാണ്. അത് മന്ത്രി എന്ന നിലയിലാണ്. നേരത്തെ മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പല തവണ യുഎഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നാണ് ഇഡിക്ക് നല്‍കിയ സരിത്ത് മൊഴി നല്‍കിയിട്ടുള്ളത്.
മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി യുഎഇ കോണ്‍സുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ തന്റെ മകന്‍ ജോലി ചെയ്തത് ഖത്തറിലാണ് എന്ന് കടകംപള്ളി പറഞ്ഞു. കോണ്‍സുലേറ്റിന് സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോണ്‍സുല്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.