തന്റെ രാജിക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് കർണാടക മുൻ മന്ത്രി കെ എൻ രാജണ്ണ. ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. മുൻ മന്ത്രിയെന്ന് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും പാർട്ടിയോട് വിധേയപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് തെറ്റിദ്ധാരണ തിരുത്തുമെന്നും രാജണ്ണ കൂട്ടിച്ചേർത്തു.
കർണാടക കോൺഗ്രസിന് ഉള്ളിലെ പോരാണ് രാജണ്ണയുടെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. സിദ്ധരാമയ്യ പക്ഷക്കാനായ രാജണ്ണ, ഡി കെ ശിവകുമാറിന്റെ കടുത്ത വിമർശകൻ ആണ്. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തെ തള്ളി പ്രസ്താവന നടത്തിയതിന് പിന്നാലെ ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമായിരുന്നു രാജണ്ണയുടെ രാജി.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകൾ പ്രകാരം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ഒരു ലക്ഷം കള്ളവോട്ട് നടന്നതായി ആരോപിച്ചിരുന്നു. 28 ലോക്‌സഭ മണ്ഡലങ്ങളുള്ള കർണാടകയിൽ 16 സീറ്റ് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് ഒമ്പതു സീറ്റിൽ ചുരുങ്ങേണ്ടി വന്നു. മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച പല മണ്ഡലത്തിലും ബിജെപിക്ക് മെച്ചപ്പെട്ട വോട്ടു ലഭിക്കുകയും ചെയ്‌തു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്യുകയും ഏകദേശം 3.25 ലക്ഷം വോട്ടർമാർ മാത്രമുള്ള മഹാദേവപുര മണ്ഡലത്തിൽ 1,00,250 വോട്ടുകൾ നിയമവിരുദ്ധമായി നേടി സീറ്റ് നേടുകയും ചെയ്തുവെന്നായിരുന്നു ആരോപണം.