കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പടെ സഞ്ചരിച്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാൽ എംപി. ഡിജിസിഎ യോട് അന്വേഷണം ആവശ്യപ്പെട്ടു. ഭയപ്പെടുത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായതെന്നും രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചെന്നൈയിൽ വിമാനം ലാൻഡ് ചെയ്യാൻ ആയതെന്നും കെ സി വേണുഗോപാൽ എക്‌സിൽ കുറിച്ചു.
വിമാനത്തിൽ അഞ്ച് എംപിമാർ ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ ,റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ. പ്രത്യേക വിമാനത്തിൽ ആണ് യാത്രക്കാരെ ഡൽഹിയിൽ എത്തിച്ചത്. വിമാനത്തിലെ ക്യാപ്റ്റന്റെ കൃത്യമായ ഇടപെടൽ ആണ് യാത്രക്കാരെ സുരക്ഷിതമായി താഴെ എത്തിച്ചത്. സാങ്കേതിക തകരാറ് മൂലമാണ് വിമാനം ചെന്നൈയിൽ ഇറക്കേണ്ടി വന്നതെന്നാണ് എയർ ഇന്ത്യ വക്താവിന്റെ അനൗദ്യോഗിക പ്രതികരണം.
എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത്. തിരുവനന്തപുരത്തുനിന്നും 7.50 നാണ് വിമാനം പുറപ്പെട്ടത്. പറന്നുയർന്ന് ഒരു മണിക്കൂർ 10 മിനിറ്റ് പിന്നിട്ടപ്പോൾ സാങ്കേതിക തകരാർ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളിൽ ഒരു മണിക്കൂർ നേരമാണ് വിമാനം പറന്നത്. അനുമതി കിട്ടിയതോടെയാണ് അടിയന്തിര ലാൻഡിങ് നടന്നത്തിയത്.