Headlines

സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ കണ്ടെത്താനാകാതെ പൊലീസ്

കോഴിക്കോട് ത‌‌ടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയായ ഇളയ സഹോദരൻ പ്രമോദിനെ കണ്ടെത്താൻ കഴിയാതെ പൊലീസ്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും പ്രതിയെ കുറിച്ച് സൂചനയില്ല. സഹോദരിമാർ മരിച്ചത് ശ്വാസം മുട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രമോദിനായി ചേവായൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

സഹോദരിമാരിൽ ഒരാൾ മരിച്ചു എന്ന് ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് തന്നെയാണ് പുലർച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.

സഹോദരൻ പ്രമോദിനേ കാണാതായത് ദുരൂഹത വർധിപ്പിച്ചു. രാവിലെ റിങ് ചെയ്ത പ്രമോദിന്റെ ഫോൺ പിന്നീട് സ്വിച് ഓഫ്‌ ആയിരുന്നു. കോഴിക്കോട് ഫറോഖിലാണ് അവസാനമായി ടവർ ലോക്കെഷൻ കാണിച്ചത്. ഇന്നലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ കേദ്രങ്ങളിലും സിസിറ്റിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.