തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശാസ്ത്രക്രിയ പ്രതിസന്ധി തുറന്നു പറഞ്ഞ ഡോ ഹാരിസ് ഹസനെതിരെയുള്ള വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൊഴിയെടുത്തേക്കും. യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ഭാഗം കാണാതായെന്ന അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് ഹാരിസിന്റെ മൊഴി രേഖപ്പെടുത്തുക. മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായ ഉപകരണം അപകടം പിടിച്ചതെന്നും, അതിനാല്‍ ഉപയോഗിക്കാതെ മാറ്റിവച്ചിരിക്കുകയാണ് എന്നും ഡോ ഹാരിസ് വെളിപ്പെടുത്തിയിരുന്നു. ഡോക്ടര്‍ ഹാരിസ് ഹസനെതിരെ നടപടി എടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റേയും കെജിഎംസിറ്റിഎയുടെയും തീരുമാനം.
സുരക്ഷിതമല്ലാത്തതിനാല്‍ ഉല്പാദനം കമ്പനികള്‍ നിര്‍ത്തിയെന്നും, അടുത്ത കാലത്താണ് മുന്നറിയിപ്പ് ലഭിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഹാരിസ് പറഞ്ഞു.
ഡോക്ടര്‍ ഹാരിസ് ഹസന്റെ വെളിപ്പെടുത്തലില്‍ അച്ചടക്ക നടപടിയ്ക്ക് സാഹചര്യം ഒരുക്കുകയാണ് ആരോഗ്യ വകുപ്പ്. എന്നാല്‍ ആരോഗ്യവകുപ്പ് നീക്കത്തെ ശക്തമായി എതിര്‍ക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന തീരുമാനിക്കുകയായിരുന്നു. കെജിഎംസിടിഎയ്ക്ക് പിന്നാലെ ഐഎംഎയും ഹാരിസിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. പ്രതികാര നടപടി നിസ്വാര്‍ത്ഥമായി ജന സേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്നും, ബ്യൂറോക്രാറ്റിക് ധാര്‍ഷ്ട്യങ്ങള്‍ക്കെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നും ഐഎംഎ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.