Headlines

ഞാന്‍ പറഞ്ഞതിന്റെ പേരില്‍ ആശുപത്രികളിലേക്ക് പ്രതിഷേധം വേണ്ട,ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, അപേക്ഷയാണ്: ഡോ. ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രികളിലേക്ക് നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി ഡോ ഹാരിസ് ഹസന്‍. താന്‍ ചൂണ്ടിക്കാട്ടിയ വിഷയം പരിഹരിക്കണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ആശുപത്രികളിലേക്ക് പ്രതിഷേധം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഡോ ഹാരിസ് പറഞ്ഞു. താന്‍ ആരോഗ്യവകുപ്പിനേയോ സര്‍ക്കാരിനെയോ ആരോഗ്യവകുപ്പ് മന്ത്രിയെയോ അല്ല കുറ്റപ്പെടുത്തിയത്. ബ്യൂറോക്രസിയെക്കുറിച്ച് മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കും ചുവപ്പുനാടയും മാത്രമാണ് താന്‍ ചൂണ്ടിക്കാട്ടാന്‍ ഉദ്ദേശിച്ച വിഷയമെന്ന് ഡോ ഹാരിസ് വിശദീകരിച്ചു. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങളുടെ കാരണം ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കളക്ട്രേറ്റില്‍ ഫയല്‍ മടങ്ങിക്കിടന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങളായി പരിഹരിക്കാതെ കിടന്ന വിഷയങ്ങള്‍ ഒറ്റരാത്രി കൊണ്ട് പരിഹരിക്കപ്പെട്ടു. പ്രശ്‌നമുണ്ടാക്കിയാലേ ഇതെല്ലാം നടക്കൂ എന്നാണോ എന്നും ഡോ ഹാരിസ് ചോദിച്ചു.

മറ്റെല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴാണ് തനിക്ക് പരസ്യ വെളിപ്പെടുത്തലുമായി രംഗത്തെത്തേണ്ടി വന്നതെന്ന് ഡോ ഹാരിസ് പറഞ്ഞു. ഇത് തന്റെ പ്രൊഫഷണല്‍ ആത്മഹത്യയായിരുന്നു. ആരെങ്കിലും തനിക്കെതിരെ എതിര്‍പ്പുമായി വരുമെന്നാണ് കരുതിയത്. പക്ഷേ പൊതുജനങ്ങളും ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും തന്നെ പിന്തുണച്ചു. ആശുപത്രികളിലേക്ക് പ്രതിഷേധം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ താന്‍ പറഞ്ഞ വിഷയങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.