Headlines

‘നടന്നത് ഗുരുതരമായ കൃത്യവിലോപം; ഒത്താശ ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥര്‍’ ; കെകെ രമ

പൊലീസ് കാവലില്‍ ടി പി കേസ് പ്രതികളുടെ മദ്യപാനത്തില്‍ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ. നടന്നത് ഗുരുതരമായ കൃത്യവിലോപം. പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിന് ഒത്താശ ചെയ്യുന്നത്. പ്രതികളെ ജയിലില്‍ നിന്ന് ഇറക്കുമ്പോഴും തിരിച്ചു കയറ്റുമ്പോഴും വൈദ്യ പരിശോധന നടത്തണം. ഇതൊന്നും നടക്കുന്നില്ലെന്നും കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു.

വളരെ ഗുരുതരമായ കൃത്യവിലോപങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജയിലില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ പുറത്തു കൊണ്ടുപോകുമ്പോള്‍ പൊലീസ് പാലിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഈ കേസില്‍ ഇത്ര വളരെ കൃത്യമായി വന്നിട്ടും ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നുള്ളതാണ് നാം കാണേണ്ടത്. ഇക്കാര്യത്തില്‍ അടിയന്തരമായി എഫ്‌ഐആര്‍ ഇടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാവുകയും വേണം എന്നുള്ളതാണ്. പക്ഷേ അതിനെ കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. വീണ്ടും ഇത് തുടരുമെന്ന് നമുക്കറിയാം – കെകെ രമ വ്യക്തമാക്കി.

കൊടി സുനിക്ക് പരോള്‍ ലഭിക്കുന്നതിന് മുമ്പാണ് മദ്യം കഴിച്ചത്. അന്ന് പരിശോധന നടന്നിരുന്നെങ്കില്‍ പരോള്‍ ലഭിക്കുമായിരുന്നില്ല. മറ്റൊരു കേസിലെ പ്രതികള്‍ക്കും ലഭിക്കാത്ത സൗകര്യങ്ങളാണ് ടി പി കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്നത്. പ്രതികളെല്ലാം ഒരേ ജയിലില്‍, ഒരേ സെല്ലില്‍ കഴിയുന്നു.
ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പൊലീസും ഉദ്യോഗസ്ഥരും ചെയ്തു കൊടുക്കുന്നു എന്ന് കൂടുതല്‍ വ്യക്തമാകുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം – കെകെ രമ വ്യക്തമാക്കി.