Headlines

‘ ദളിതരും സ്ത്രീകളും കഴിവു കുറഞ്ഞവരെന്ന് മലയാള സിനിമ പ്രതിനിധാനം ചെയ്യുന്ന പലരും കരുതുന്നു’ ; ദീദി ദാമോദരന്‍

സിനിമ കോണ്‍ക്ലേവ് വേദിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം. സ്ത്രീകളും ദളിത് വിഭാഗക്കാരും ആയതുകൊണ്ട് മാത്രം സിനിമ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കരുത് എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം. പരാമര്‍ശത്തെ തള്ളി സിനിമ മേഖലയില്‍ നിന്നുതന്നെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വേദിയില്‍ വച്ച് അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്തിയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിക്കുകയായിരുന്നു. ചലച്ചിത്ര മേഖലയില്‍ നിന്ന് നിരവധി പേരാണ് അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്തി രംഗത്ത് എത്തിയത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ദീദി ദാമോദരന്‍ രംഗത്തെത്തി. ദളിതരും സ്ത്രീകളും കഴിവു കുറഞ്ഞവരെന്ന് മലയാള സിനിമ പ്രതിനിധാനം ചെയ്യുന്ന കസേരകളില്‍ ഇരിക്കുന്ന പലരും കരുതുന്നുവെന്നും ആ മനോഭാവത്തിന്റെ മൗത്ത് പീസാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും ദീദി ദാമോദരന്‍ വിമര്‍ശിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ ശ്രീകുമാരന്‍ തമ്പി പരിഹസിച്ചെന്നും ദീദി ദാമോദരന്‍ വിമര്‍ശിച്ചു. സിനിമ കോണ്‍ക്ലേവിലൂടെ എല്ലാത്തിനും അവസാനമായി എന്ന് കരുതുന്നില്ലെന്നും ഇനിയും പോരാട്ടം തുടരുമെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

മലയാള സിനിമയുടെ ഭാഗമായ അടൂരിനെ പോലെയൊരാള്‍ക്ക് ദളിതരും സ്ത്രീകളും കഴിവ് കുറഞ്ഞവരാണ് എന്ന് തോന്നിയത് തുറന്നു പറഞ്ഞെങ്കില്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നിമില്ല. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് മലയാള സിനിമ ചരിത്രം. പി കെ റോസിക്ക് അര്‍ഹിക്കുന്ന ഇടം മലയാള സിനിമ കൊടുത്തിട്ടില്ല. അടൂര്‍ മാത്രമല്ല മലയാള സിനിമപ്രതിനിധാനം ചെയ്യുന്ന പ്രധാനസ്ഥാനത്തിരിക്കുന്ന എല്ലാവരും വിചാരിക്കുന്നത് സ്ത്രീകളും ദളിതരും കുറച്ച് താഴെയാണ് എന്നാണ്. ആ മനോഭാവത്തിന്റെ മൗത്ത്പീസാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ – അവര്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹാസത്തോടെ ശ്രീകുമാരന്‍ തമ്പി കണ്ടെന്ന് ദീദി ദാമോദരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നിട്ട് പിന്നീട് എന്തുണ്ടായെന്ന് ശ്രീകുമാരന്‍ തമ്പിയെ പോലെ ഒരാള്‍ ചോദിച്ചു. കമ്മറ്റി റിപ്പോര്‍ട്ട് കൊണ്ട് എന്തുണ്ടായി എന്ന് വേദിയില്‍ ചോദിച്ചു. നേരിട്ടുകണ്ട് മറുപടി പറയണമെന്ന് കരുതിയതാണ്. മന്ത്രി തന്നെ വേദിയില്‍ മറുപടി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് എന്തെന്ന് വായിച്ചു നോക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഒരു മണിക്കൂറോ ഒരു ദിവസമോ മാറ്റിവച്ച് വായിക്കാമായിരുന്നു. അതിന് കഴിയാത്തതുകൊണ്ടാണ് ഈ ചോദ്യം ചോദിച്ചത്. ടിവിയില്‍ കാണുന്ന ലൈംഗിക വിഷയങ്ങള്‍ മാത്രമായിരുന്നില്ല ഹേമ കമ്മറ്റി റിപ്പോര്‍ട്ട് – ദീദി ദാമോദരന്‍ വ്യക്തമാക്കി.