Headlines

‘സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ പരിശീലനം കൂടി കൊടുക്കണം’; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഉയര്‍ത്തിക്കാട്ടി വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ അവര്‍ക്ക് മൂന്ന് മാസത്തെ സിനിമാ പരിശീലനം കൂടി നല്‍കണമെന്ന് അടൂര്‍ സിനിമാ കോണ്‍ക്ലേവ് വേദിയില്‍ പറഞ്ഞു. സ്ത്രീകളായതുകൊണ്ട് മാത്രം പണം നല്‍കരുത്. വെറുതെ പൈസ കൊടുക്കുന്നത് ഒരു രീതിയിലുമുള്ള പ്രോത്സാഹനമല്ല. മൂന്ന് മാസത്തെ ആഴത്തിലുള്ള പരിശീലനം നല്‍കിയിട്ട് മാത്രമേ അവര്‍ക്ക് സിനിമ നിര്‍മിക്കാന്‍ അവസരം നല്‍കാവൂ എന്നും ഇത് ജനങ്ങളുടെ നികുതി പണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടൂരിന്റെ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് തന്നെ വിമര്‍ശനസ്വരം ഉയര്‍ന്നു. എങ്കിലും അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു. ഒന്നര കോടി രൂപയാണ് സിനിമ നിര്‍മിക്കാന്‍ നല്‍കുന്നത്. ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. സര്‍ക്കാര്‍ നല്‍കുന്ന തുക വാണിജ്യ സിനിമ എടുക്കാനുളളത് അല്ല. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടം ആകും എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ക്ക് പണം നല്‍കരുത്. എങ്ങനെയാണ് പണം നല്‍കുന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫണ്ട് വാങ്ങിക്കുന്നവരെ മനസിലാക്കിക്കണം എന്നുള്‍പ്പെടെ സിനിമാ കോണ്‍ക്ലവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് പണം വാങ്ങി പടമെടുത്തവര്‍ക്കെല്ലാം കംപ്ലെയിന്റാണ്. അവര്‍ വിചാരിച്ചിരിക്കുന്നത് പണം ഇങ്ങനെ എടുത്ത് ഒരു ദിവസം തരുമെന്നും അത് കൊണ്ടുപോയി സിനിമ എടുക്കാമെന്നുമാണ്. അതങ്ങനെയല്ല. ജനങ്ങളുടെ നികുതി പണമാണിതെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. ഒരുപാട് പ്രധാനപ്പെട്ട വിഷയങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. അതിനുമൊക്കെ വേണ്ടി ചെലവാക്കേണ്ടുന്ന തുകയാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.