അമ്മയെ നയിക്കാന്‍ സ്ത്രീകള്‍ വരട്ടേ, മറ്റുള്ളവര്‍ മാറി കൊടുക്കട്ടെ: മന്ത്രി സജി ചെറിയാന്‍

കേരള ഫിലിം കോണ്‍ക്ലേവിന് ശേഷം രണ്ടുമാസത്തിനുള്ളില്‍ സിനിമ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം സിനിമാ നയം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സിനിമ മേഖലയിലുള്ളവരെ വലിപ്പച്ചെറുപ്പം ഇല്ലാതെ ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ സാങ്കേതിക വിഭാഗത്തിലേക്ക് സ്ത്രീകളെ പരിശീലിപ്പിക്കും. വലിയ വ്യവസായ ശൃംഖലയായി സിനിമയെ മാറ്റും. അന്താരാഷ്ട്ര തലത്തില്‍ സിനിമ ടൂറിസം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തില്‍ സ്ത്രീകള്‍ വരട്ടെയെന്ന് അദ്ദേഹം നിലപാടറിയിച്ചു. പ്രസിഡന്റും സെക്രട്ടറിയുമായി സ്ത്രീകള്‍ വരാന്‍ മറ്റുള്ളവര്‍ മാറി കൊടുക്കട്ടേയെന്നാണ് മന്ത്രിയുടെ അഭിപ്രായം. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും സ്ത്രീകള്‍ മത്സര രംഗത്ത് വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ടേം വനിതകള്‍ വരട്ടെ. ഇതിനായി മഹാരഥന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും മുന്‍കൈയെടുക്കണം. മലയാള സിനിമയില്‍ പുതിയ കാലം വരുന്നു എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാ സെറ്റിലെ ലഹരി ഉപയോഗവും അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അക്രമം അവസാനിപ്പിക്കും. നിയമവിരുദ്ധ വഴിയില്‍ നിന്ന് എല്ലാവരും മാറി പോകണം. തെറ്റായ വഴിയിലൂടെ സഞ്ചരിച്ച ഒരു സിനിമയും കേരളത്തില്‍ റിലീസ് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.