അഭിനേതാക്കളുടെ സംഘടന അമ്മയിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക ഇന്നു മുതൽ സമർപ്പിക്കാം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്. മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക.
മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം. ഈ മാസം 24 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് ശേഷം മലയാളത്തിലെ ചില താരങ്ങള്‍ക്കെതിരെ പുറത്തുവന്ന ലൈംഗിക പരാതികള്‍ സിനിമാ വ്യവസായത്തെ തന്നെ പ്രതിരോധത്തിലാക്കിയിരുന്നു അമ്മ ജന.സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖ് രാജിവെച്ചു, സെക്രട്ടറിയായിരുന്ന ബാബുരാജ് ജന.സെക്രട്ടറിയുടെ താല്ക്കാലിക ചുമതലയിലേക്ക് വന്നുവെങ്കിലും ഏറെ താമസിയാതെ ബാബുരാജിനെതിരേയും ലൈംഗികാരോപണം വന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ നിരവധി താരങ്ങള്‍ സംശയത്തിന്റെ നിഴലിലായി. ഇതോടെയാണ് അമ്മ സംഘടനയുടെ ഭാരവാഹികള്‍ ഒന്നാകെ രാജിവച്ച് അഡ്ഹോക്ക് കമ്മിറ്റിയെ ഭരണം ഏല്‍പ്പിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചമുന്‍പ് നടന്ന അമ്മ ജനറല്‍ ബോഡി യോഗമാണ് സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം കൈക്കൊണ്ടത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടരട്ടെ എന്ന നിലപാടിലായിരുന്ന ഭൂരിഭാഗം അംഗങ്ങളും. എന്നാല്‍ മോഹന്‍ലാല്‍ അമ്മ അധ്യക്ഷസ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
മോഹന്‍ലാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരില്ലെന്ന് ഉറപ്പായതോടെ ഏവര്‍ക്കും സ്വീകര്യനായൊരു നടന്‍ അധ്യക്ഷനാവട്ടേ എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ദീര്‍ഘകാലം ഇന്നസെന്റായിരുന്നു അമ്മ അധ്യക്ഷന്‍. ഇന്നസെന്റ്, ഇടവേള ബാബു എന്നിവരുടെ ഭരണകാലത്ത് അമ്മ സംഘടനയെ നയിച്ചതുപോലെ ഇപ്പോള്‍ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നാണ് ഒരു പ്രധാന പരാതി. എല്ലാവര്‍ക്കും സ്വീകാര്യനായ വിജയരാഘവനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ചര്‍ച്ചയും ഒരു വിഭാഗം അംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സംഘടനാ തലപ്പത്തേക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിജയരാഘവന്‍.
നവ്യാനായരെ ജന.സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനായി മറ്റൊരു വിഭാഗവും ശ്രമം നടത്തുന്നുണ്ട്. ബാബു രാജ് ജന.സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതിനോട് മിക്കവരും അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം.അമ്മ സംഘടനയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുകയെന്നതായിരിക്കും വരാനിരിക്കുന്ന ഭരണസമിതിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഒരു യുവ നേതൃത്വം വരട്ടെ എന്ന നിലപാട് സ്വീകരിക്കുന്ന അംഗങ്ങളുമുണ്ട്. ഡബ്ല്യൂ സി സി യുടെ ഭാഗമായി നില്‍ക്കുന്ന നടിമാരെ തിരികെ അമ്മയിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിക്കുവര്‍ അമ്മയിലുണ്ട്. അതിനാല്‍ അവര്‍ക്കുകൂടി സ്വീകാര്യതയുള്ളൊരു ഭരണസമിതിയായിരിക്കണം വരേണ്ടത്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംഘടനയെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തരായ നല്ല പാനല്‍ ഉണ്ടാക്കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം നടന്മാര്‍. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക സംഘടനയായ മാക്ട ഫെഡറേഷനില്‍ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് നടന്നത്. അമ്മ തിരഞ്ഞെടുപ്പിനൊപ്പം നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.