കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്നതില്‍ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം. ഇക്കാര്യത്തില്‍ സഭ നിയമ വിദഗ്ധരുമായി അടക്കം ചര്‍ച്ച നടത്തും.
കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ തീരുമാനം. അതിനിടെ ബജ്റംഗ്ദള്‍
നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഓണ്‍ലൈനായി ദുര്‍ഗ്ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂര്‍ സ്റ്റേഷനില്‍ നല്കിയ പരാതി സ്വീകരിച്ചിരുന്നില്ല.
അതേസമയം ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹി രാജറായിലെ മഠത്തില്‍ എത്തിച്ചു. കന്യാസ്ത്രീകളുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ ആയിരിക്കും നടക്കുക.
കന്യാസ്ത്രീകളുടെ മോചനത്തിന് എല്ലാവരും ഒരുമിച്ച് നിന്ന പോരാട്ടമായിരുന്നുവെന്ന് സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരന് ബൈജു ട്വന്റിഫോറിനോട് പറഞ്ഞു. 25 ശതമാനം ആശ്വാസം മാത്രമാണുള്ളത്. കോടതി കയറിയിറങ്ങണമെന്നുള്ള വ്യവസ്ഥകളാണ് വെച്ചിരിക്കുന്നത്. എഫ്ഐആര്‍ പൂര്‍ണമായും റദ്ദാക്കണമെന്ന ആവശ്യമാണുള്ളത്. മോചനത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹായിച്ചുവെന്നും ബൈജു പറഞ്ഞു.