Headlines

‘എസ്.സി- എസ്. ടി ഫണ്ട് തട്ടിപ്പ്, പ്രതികളെ പിടികൂടിയത് നഗരസഭയുടെ പരാതിയിൽ, കേന്ദ്ര ഇടപെടലെന്ന ബിജെപി വാദം തെറ്റ്’: മേയർ ആര്യാ രാജേന്ദ്രൻ

എസ്.സി- എസ്. ടി ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടന്നത് നഗരസഭയുടെ പരാതിയിലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കക്ഷി രാഷ്ട്രീയം നോക്കില്ല. അഴിമതി നടത്തുന്ന ആരെയും സംരക്ഷിക്കില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

വിഷയങ്ങളിൽ പരിഹാരം കാണുന്നതിനാണ് കൗൺസിൽ യോഗം ചേരുന്നത്. നഗരസഭ എന്നും അഴിമതിക്കെതിരെയാണ്. അതിൽ വിട്ടുവീഴ്ച ഇല്ലാതെ തന്നെ മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി. താൻ വലിയ രീതിയിൽ വ്യക്തിഹത്യ നേരിടുന്നു. ജനപ്രതിനിധികളും മനുഷ്യരാണെന്നും മേയർ പറഞ്ഞു.

സമയ ബന്ധിതമായി അന്വേഷണം നടക്കുകയാണ്. നഗരസഭയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. കേന്ദ്ര ഇടപെടലിലാണ് പ്രതികൾ പിടിയിലായതെന്ന ബിജെപിയുടെ വാദം തെറ്റാണെന്നും മേയർ വ്യക്തമാക്കി.

പ്രതികൾ പിടിയിലായപ്പോൾ അവകാശവാദമുന്നയിക്കുകയാണ് ബി ജെ പി. കേന്ദ്രം എന്ത് നടപടി സ്വീകരിച്ചു എന്ന ബിജെപി വ്യക്തമാക്കണം. അഴിമതിക്കെതിരെ രാഷ്ട്രീയം നോക്കാതെയാണ് നടപടി. പ്രതിപക്ഷ കൗൺസിലർമാർക്കടക്കം പങ്കുണ്ടോയെന്നതിൽ കൂടുതൽ അന്വേഷണം വേണമെന്നും ആര്യാ രാജേന്ദ്രൻ ആവശ്യപ്പെട്ടു.

അതേസമയം തിരുവനന്തപുരം നഗരസഭയിലെ എസ്‍സി- എസ്ടി ഫണ്ട് തട്ടിപ്പ് കേസിൽ 14 പേര്‍ അറസ്റ്റിലായി . നഗരസഭയിലെ എസ്‍സി- എസ്ടി, ബിപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള സബ്സിഡി ഫണ്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായാണ് 14 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.