തനിക്കെതിരെ പാർട്ടിയെടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എസ് രാജേന്ദ്രൻ അപ്പീൽ നൽകി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടാണ് അപ്പീൽ നൽകിയത്. തനിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് കാണിച്ചാണ് അപ്പീൽ.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടതിനെ തുടർന്നാണ് എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കൂടാതെ ദേവികുളത്തെ പാർട്ടി സ്ഥാനാർഥി എസ് രാജയെ ജാതീയമായി ഭിന്നിപ്പുണ്ടാക്കി തോൽപ്പിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തലുണ്ട്. മുഖ്യമന്ത്രി പെട്ടിമുടിയിൽ വന്നപ്പോൾ മനപ്പൂർവം വിട്ടുനിന്നു എന്നതും നടപടിക്ക് കാരണമായി
അപ്പീൽ നൽകില്ലെന്ന നിലപാടിലായിരുന്നു രാജേന്ദ്രൻ ഇതുവരെ. രാഷ്ട്രീയ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ചെന്നും എട്ട് മാസമായി ഒരു പ്രവർത്തനങ്ങളും നടത്താറില്ലെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു.