പൂനെയിൽ ചന്ദൻനഗറിൽ മുൻ സൈനികോദ്യോഗസ്ഥൻറെ കുടുബത്തിന് നേരെ ആൾക്കൂട്ട വിചാരണ. കാർഗിൽ യുദ്ധത്തിലടക്കം പങ്കെടുത്ത സൈനികന് നേരെയാണ് അതിക്രമം നടന്നത്. ജയ് ശ്രീ റാം വിളിയോടെ എൺപതോളം പേരാണ് അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറിയത്. സൈനികന്റെ വീട്ടിൽ അതിക്രമിച്ച് കയറി പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട് ആക്രമിച്ചെന്നാണ് പരാതി.
ബംഗ്ലാദേശ് പൗരൻമാരാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. അക്രമികളിൽ സിവിൽ ഡ്രസിലുള്ള പൊലീസുകാരും ഉണ്ടായിരുന്നു. 1965ലെയും 71ലെയും യുദ്ധങ്ങളിലും പങ്കെടുത്തവരുള്ള സൌനിക കുടുംബത്തിന് നേരെയാണ് അതിക്രമം നടന്നത്. വിമുക്ത ഭടൻ ഹക്കിമുദ്ദീൻ ഷെയ്ഖിന്റെയും ബന്ധുക്കളുടെയും വീട്ടിൽക്കയറിയാണ് പ്രശ്നമുണ്ടാക്കിയത്.
ശനിയാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ചു കയറി, ഇന്ത്യൻ പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെട്ട് ആക്രമിക്കുകയും അനധികൃത കുടിയേറ്റക്കാരെന്ന് അധിക്ഷേപിക്കുകയും ചെയ്തെന്നും ആരോപിച്ചു. പിന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്നും സൈനികനും കുടുംബവും ആരോപിച്ചു. പൂനെയിലെ ചന്ദൻനഗർ പ്രദേശത്ത് രാത്രി 11:30 ഓടെയാണ് സംഭവം.
ബജ്‌റംഗ്ദൾ പ്രവർത്തകർ ചില പൊലീസുകാരോടൊപ്പം വീട്ടിൽ കയറി തങ്ങളെ ബംഗ്ലാദേശി, റോഹിംഗ്യൻ കുടിയേറ്റക്കാരാണെന്ന് ആരോപിച്ചുവെന്ന് കുടുംബം ആരോപിച്ചു. പരാതിയെ തുടർന്ന് ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
കുടുംബാംഗങ്ങളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഇന്ത്യൻ പൗരൻമാരാണെന്നു വ്യക്തമായതോടെ വിട്ടയച്ചിരുന്നുവെന്ന് പൂണെ പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു. സൈന്യത്തിൽ എൻജിനീയേഴ്സ് റജിമെന്റിൽ ഹവീൽദാറായിരിക്കെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തയാളാണു ഹക്കീമുദ്ദീൻ ഷെയ്ഖ്.