Headlines

ഓണക്കാലത്ത് സപ്ലൈകോ വഴി വെളിച്ചെണ്ണ വിലകുറച്ച് നല്‍കും: മന്ത്രി ജി ആര്‍ അനില്‍

ഓണക്കാലത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയ്ക്ക് വില കുറയും. ഉത്പ്പാദന കേന്ദ്രത്തില്‍ വില കുറക്കാനുള്ള നിര്‍ദേശം നല്‍കിയെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ മസ്റ്ററിങ്ങില്‍ സര്‍ക്കാരിന് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ കണ്ട വിവരം മാത്രമെയുള്ളുവെന്നും മന്ത്രി പറഞ്ഞു. 98 %ഉപഭോക്താക്കള്‍ മാസ്റ്ററിങ്ങില്‍ പങ്കെടുത്തിട്ടുണ്ട് കോഴിക്കോട് മേഖലകളില്‍ മട്ട ഒഴിവാക്കി പുഴുങ്ങലരി നല്‍കും. ആവശ്യമുള്ള പ്രദേശങ്ങള്‍ പരിശോധിച്ചാകും ഇത് വിതരണം ചെയ്യുക എന്നും അദ്ദേഹം വ്യക്തമാക്കി.

കേരഫെഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലാണെങ്കിലും സഹകരണ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലാണെങ്കിലും വെളിച്ചെണ്ണ വിലകുറച്ച് കൊടുക്കുന്നതിനായി ഉത്പ്പാദന കേന്ദ്രത്തില്‍ ബന്ധപ്പെടുമെന്നാണ് മന്ത്രി നല്‍കുന്ന സൂചന.
വെളിച്ചെണ്ണ വില പിടിച്ച് നിര്‍ത്താന്‍ ലാഭത്തില്‍ ഒരുവിഹിതം സബ്‌സിഡിയായി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കേരഫെഡ് മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നിരിക്കിലും കേരഫെഡും വില വര്‍ധിപ്പിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വെളിച്ചെണ്ണ വില്‍പ്പന കുറഞ്ഞതോടെ മില്ലുടമകളും പ്രതിസന്ധിയിലാണ്. നാളികേര ക്ഷാമം മൂലം ഡിസംബര്‍ വരെ വിലവര്‍ദ്ധനവ് തുടരുമെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.വെളിച്ചെണ്ണ വില ലിറ്ററിന് 450 രൂപ കടന്നിരിക്കുകയാണ്.