Headlines

കരൂർ അപകടം; വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കരൂർ അപകടത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യമന്ത്രാലയം. വിജയ്ക്ക് നൽകിയ സുരക്ഷയിൽ വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിആർപിഎഫിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി മുതൽ വിജയ്ക്ക് വൈ ക്യാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന പര്യടനം തുടങ്ങുന്നതിന് മുൻപ് അദ്ദേഹത്തിന്റെ സുരക്ഷ കൂടുതൽ ശക്തിപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അപകടം നടന്ന കരൂരിൽ വിജയ്ക്ക് നേരെ പലതവണ ചെരുപ്പേറ് ഉണ്ടായി എന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയിട്ടുള്ളത്. വിജയ്ക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ചപറ്റിയിട്ടുണ്ടോ? എങ്കിൽ എന്തുകൊണ്ട് അത് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല തുടങ്ങിയ ചോദ്യങ്ങളും ആഭ്യന്തരമന്ത്രാലയം ഉയർത്തുന്നുണ്ട്.

എന്നാൽ കരൂർ അപകടത്തിൽ പ്രതിരോധത്തിലായ ടിവികെയെ കൂടുതൽ തലവേദനയുണ്ടാക്കുന്നതാണ് സിബിഐ അന്വേഷണത്തിൽ പാർട്ടിക്കുള്ളിലെ ഭിന്നത. സിബിഐ അന്വേഷണത്തിൽ ഗൂഢാലോചന പുറത്തുവരുമെന്നും പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടപ്പെടുമെന്നും തമിഴക വെട്രിക് കഴകം ജനറൽ സെക്രട്ടറി ആദവ് അർജുന പറയുന്നു. എന്നാൽ സിബിഐ അന്വേഷണത്തിലൂടെ ടിവികെയെ വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുമെന്നാണ് എൻ ആനന്ദിന്റെ പക്ഷം. കോടതി തിരുമാനിക്കട്ടെയെന്ന നിലപാടിലാണ് വിജയ്.

അതേസമയം, വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി പി.എച്ച്. ദിനേശ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. അപകടത്തിന് കാരണക്കാരൻ വിജയ് ആണെന്ന് ആരോപിച്ചുള്ള ഹർജി കോടതി നാളെ പരിഗണിക്കും. വിജയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഡിഎംകെ നേതാക്കൾ ഉയർത്തിയെങ്കിലും തിരക്കിട്ട നീക്കം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിലപാടെടുത്തതായാണ് റിപ്പോർട്ട്. തമിഴ്നാട് ബിജെപി നേതൃത്വം വിജയെ പിന്തുണയ്ക്കുന്നത് തുടരുകയാണ്.