ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയെ പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശം. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ മഹാത്മജി നല്‍കിയ സംഭാവനകള്‍ വലുതാണ്. സമൂഹത്തെ അടിച്ചമര്‍ത്തലില്‍ നിന്നും അനീതിയില്‍ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി ചെയ്തതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള യാത്രയെ നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ടത് ഗാന്ധിജിയുടെ ആശയങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിവധത്തെ ചൊല്ലി നിരോധനം നേരിട്ട സംഘടനയായിരുന്നു എന്നതിനാല്‍ ആര്‍എസ്എസ് മേധാവിയുടെ വാക്കുകള്‍ക്ക് പ്രാധാന്യമുണ്ട്.
നേപ്പാളിലെ പ്രക്ഷോഭത്തെ കുറച്ചും മോഹന്‍ ഭഗവത് പരാമര്‍ശിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുമ്പോഴാണ് ജനകീയ പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഒരു വിപ്ലവവും ഫലം കണ്ടിട്ടില്ല. സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ നടന്ന രാജ്യങ്ങള്‍ ഇന്ന് മുതലാളിത്ത രാജ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത വിഭാഗങ്ങള്‍ക്ക് നേരെ പ്രകോപനം പാടില്ല. നാനാത്വത്തില്‍ ഏകത്വമാണ് വേണ്ടത്. ഞങ്ങള്‍ നിങ്ങള്‍ എന്ന മനോഭാവം തെറ്റാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
തീരുവ യുദ്ധവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. താരിഫ് യുദ്ധത്തില്‍ വിജയിക്കാന്‍ രാജ്യം സ്വയം പര്യാപ്തമാകണം. ലോകരാജ്യങ്ങളെ ആശ്രയിച്ച് മാത്രം മുന്നോട്ടുപോകാന്‍ ആകില്ലെന്നും മോഹന്‍ ഭഗവത് ഓര്‍മിപ്പിച്ചു. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആയിരുന്നു ഇത്തവണ വിജയദശമി റാലിയില്‍ മുഖ്യാതിഥി.